കട്ടപ്പനയില്‍ നിന്നും ഏലപ്പാറ വഴി 9 കി.മി. ദൂരമാണ് അഞ്ചുരുളിക്ക്.
ഇടുക്കി: സഞ്ചാരികളുടെ കാഴ്ച്ചകളെ കുളിരണിയിക്കാന് ഒരുങ്ങി അഞ്ചുരുളി. ഇടുക്കിയുടെ സൗന്ദര്യവും കുളിര്മയും ആസ്വദിക്കാനെത്തുന്ന വിനോദസഞ്ചാരികളെ ഏറെ ആകര്ഷിക്കുന്ന സുന്ദരിയാണ് അഞ്ചുരുളി. അനന്ത വിസ്തൃതിയില് പരന്നുകിടക്കുന്ന ഇടുക്കി ജലാശയവും ജലാശയത്തെ ചൂഴ്ന്നു നില്ക്കുന്ന കാനന ഭംഗിയും കല്യാണത്തണ്ട് മലനിരകളും ഇരട്ടയാര് ഡാമില് നിന്നും ജലമെത്തിക്കുന്നതിനായി നിര്മ്മിച്ച അഞ്ചുരുളി ടണല് മുഖവും തടാക മദ്ധ്യത്തിലെ ഇടത്തുരുത്തും വിനോദസഞ്ചാരികളുടെ മനം കുളിര്പ്പിക്കുന്ന കാഴ്ചകളാണ്.
ഇടുക്കി താലൂക്കിന്റെ കിഴക്ക് സ്ഥിതിചെയ്യുന്ന കാര്ഷിക കുടിയേറ്റ ആദിവാസി ഗോത്രവിഭാഗ പൈതൃകങ്ങള് കുടികൊളളുന്ന കാഞ്ചിയാര് ഗ്രാമപഞ്ചായത്തിലാണ് അഞ്ചുരുളി വിനോദസഞ്ചാര കേന്ദ്രം സ്ഥിതി ചെയ്യുന്നത്. വിശാലമായ ഇടുക്കി ജലാശയത്തിനുളളില് ഉരുളി കമഴ്ത്തിയതുപോലെ അഞ്ച് കുന്നുകള് സ്ഥിതി ചെയ്യുതിനാലാണ് അഞ്ചുരുളി എന്ന പേര് ലഭിച്ചത്. ദിവസേന ആയിരക്കണക്കിനാളുകളാണ് അഞ്ചുരുളി വെളളച്ചാട്ടവും ഭംഗിയും ആസ്വദിക്കാനെത്തുന്നത്.
കട്ടപ്പനയില് നിന്നും ഏലപ്പാറ വഴി 9 കി.മി. ദൂരമാണ് അഞ്ചുരുളിക്ക്. ഇടുക്കി ഡാമിന്റെ ആരംഭം ഇവിടെ നിന്നാണ്. 1974 മാര്ച്ച് 10 ന് നിര്മ്മാണം ആരംഭിച്ച അഞ്ചുരുളി ടണല് 1980 ജനുവരി 30 നാണ് ഉദ്ഘാടനം ചെയ്തത്. 5.5 കിലോമീറ്റര് നീളവും 24 അടി വ്യാസവുമുള്ള ടണല് ഇരട്ടയാര് മുതല് അഞ്ചുരുളി വരെ ഒറ്റ പാറയില് കോണ്ട്രാക്ടര് പൈലി പിള്ളയുടെ നേതൃത്വത്തിലാണ് നിര്മിച്ചത്. രണ്ടിടങ്ങളില് നിന്നും ഒരേ സമയം നിര്മ്മാണം ആരംഭിച്ച് കൂട്ടിയോജിപ്പിക്കുകയായിരുന്നു.
ഇരട്ടയാര് ഡാമില് നിന്നും ഇവിടേയ്ക്ക് വെള്ളം ഒഴുക്കുന്ന ടണലാണ് ഇവിടുത്തെ പ്രത്യേകത. ഈ ടണലിലൂടെയാണ് ഇടുക്കി ഡാമിലേക്ക് വെള്ളമെത്തുന്നത്. കല്യാണത്തണ്ട് മലയുടെ ഏറ്റവും ഉയരം കൂടിയ ഭാഗത്താണ് തുരങ്കം. ഇരട്ടയാറില് അണക്കെട്ട് നിര്മിച്ച് അവിടെ നിന്നുള്ള വെള്ളം തുരങ്കത്തിലൂടെ അഞ്ചുരുളിയിലെ ഇടുക്കി ജലാശയത്തിലേയ്ക്ക് എത്തിക്കുന്നതാണ് പദ്ധതി.
ഈ മനോഹാരിത ആവോളം ആസ്വദിയ്ക്കാന് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില് വിവിധ സംഘടനകളുടെ സഹകരണത്തോടെയും, പൊതുജന പങ്കാളിത്തത്തോടെയും സംഘടിപ്പിക്കുന്ന അഞ്ചുരുളി സൗന്ദര്യോത്സവത്തിന് ഈ മാസം 16 ന് തിരിതെളിയും. ഇതിന് മുന്നോടിയായി 501 അംഗ സംഘാടകസമിതി രൂപീകരിച്ചു. സ്വാഗതസംഘം ഓഫീസിന്റെ ഉദ്ഘാടനം റോഷി അഗസ്റ്റിന് എം.എല്.എ നിര്വ്വഹിച്ചു.
സൗന്ദര്യോത്സവത്തില് ആസ്വാദകര്ക്കായി നിരവധി പരിപാടികളാണ് സംഘാടകര് ഒരുക്കുന്നത്. ഹൈഡല് ടൂറിസവുമായി ബന്ധപ്പെട്ട് തടാകത്തില് ബോട്ടിംഗ്, കാര്ണിവല്, വടംവലി, വോളിബോള് ടൂര്ണമെന്റുകള്, കലാകായിക മത്സരങ്ങള്, ആയോധന കലകളുടെ പ്രദര്ശനം, കോഴിമല ആദിവാസി വിഭാഗത്തിന്റെ തനതുകലാരൂപമായ കൂത്ത്, വിവിധ വിഷയങ്ങളെ ആസ്പദമാക്കി സെമിനാറുകള്, കാര്ഷിക മേള, സാഹിത്യ, സാംസ്കാരിക പരിപാടികള്, വിവിധ മേഖലകളിലെ പ്രതിഭകളെ ആദരിക്കല്, കുട്ടികളുടെ കലാപരിപാടികള്, തുടങ്ങിയവയ്ക്കു പുറമേ അഞ്ചുരുളിയുടെ ആകാശക്കാഴ്ച സമ്മാനിക്കാന് ഹെലികോപ്റ്റര് യാത്രയും സജ്ജമാക്കുവാന് ശ്രമിക്കുന്നതായി കാഞ്ചിയാര് ഗ്രാമപഞ്ചായത്ത് പ്രസിഡ് മാത്യു ജോര്ജ് പറഞ്ഞു.
പരിപാടിയുടെ സുഗമമായ നടത്തിപ്പിന് 101 അംഗ എക്സിക്യൂട്ടീവ് സമിതി, 50 പേരടങ്ങുന്ന ഭാരവാഹികള്, കൂടാതെ പ്രോഗ്രാം, ഫിനാന്സ്, സ്റ്റേജ്, ഗതാഗതം, ബോട്ടിംഗ്, കലാകായികം, ഭക്ഷണം, അടിസ്ഥാന സൗകര്യം തുടങ്ങിയ 16 സബ് കമ്മറ്റികളെയും തെരഞ്ഞെടുത്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വിജയകുമാരി ജയകുമാര് കവീനറും വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് കെ.എന്.ബിനു ട്രഷററുമാണ്. ഫെസ്റ്റുമായി ബന്ധപ്പെട്ട് അഞ്ചുരുളിയില് സുരക്ഷാസംവിധാനവും ലൈറ്റ്, വാഹന പാര്ക്കിംഗ് സൗകര്യവും ഒരുക്കുമെന്ന് അദ്ദേഹം പറഞ്ഞു.
