Asianet News MalayalamAsianet News Malayalam

അഞ്ചുരുളി സൗന്ദര്യോത്സവം;  പ്രതിഷേധത്തിനൊടുവില്‍ ബോട്ടിംഗിന് താല്‍ക്കാലിക അനുമതി

  • പ്രതിഷേധവുമായി കാഞ്ചിയാർ പഞ്ചായത്ത് പ്രസിഡണ്ട്, കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എന്നിവരുടെ നേതൃത്വത്തിലെത്തിയ  സംഘം കാഞ്ചിയാർ ഫോറസ്റ്റ് സ്റ്റേഷനിലേയ്ക്ക്  മാർച്ച് നടത്തി.
Anchuruli fest Boating has been given a temporary permit
Author
Ayyappancoil, First Published May 19, 2018, 12:25 PM IST

ഇടുക്കി:   ഇടുക്കി ജലാശയത്തിലെ ബോട്ടിംഗിനെ ചൊല്ലി വനം വകുപ്പും അഞ്ചുരുളി സൗന്ദര്യോത്സവം സംഘാടക സമിതിയും തമ്മിൽ സംഘർഷം.  കാഞ്ചിയാർ ഗ്രാമപഞ്ചായത്ത്,  കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരുടെ നേതൃത്വത്തിൽ കാഞ്ചിയാർ ഫോറസ്റ്റ് ഓഫീസ് തല്ലിത്തകർത്തു.  ജീവനക്കാരന് മർദ്ദനമേറ്റു.  തുടര്‍ന്ന്  നാട്ടുകാര്‍ പഞ്ചായത്ത് പ്രസിഡന്റ്  മാത്യു ജോര്‍ജിന്‍റെ നേതൃത്വത്തില്‍  വനം വകുപ്പ് ഓഫീസ് ഉപരോധിച്ചു.

അഞ്ചുരുളിയിലെത്തുന്ന സഞ്ചാരികളെ ലക്ഷ്യമിട്ട്  കാഞ്ചിയാർ ഗ്രാമ പഞ്ചായത്ത് നടത്തുന്ന സൗന്ദര്യോത്സവത്തിനിടയിലാണ് സർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന വിധത്തിൽ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ഇടുക്കി ജലാശയത്തിന്റെ ഭാഗമായ അഞ്ചുരുളിയിൽ  സൗന്ദര്യോത്സവത്തിന്റെ ഭാഗമായി ബോട്ടിംഗ് നടത്താൻ സംഘാടക സമിതി തീരുമാനിച്ചിരുന്നു. ആദ്യദിനം 16 ട്രിപ്പ് ബോട്ടിംഗ് നടത്തുകയും ചെയ്തിരുന്നു. 

എന്നാൽ ഇന്നലെ രാവിലെ ഇതിനാവശ്യമായ ഉത്തരവ് ഹാജരാക്കാത്തതിനെ തുടർന്ന്  ജലാശയത്തിലെ ബോട്ട് സർവ്വീസിന് വനം വകുപ്പ് സ്റ്റോപ്പ് മെമ്മോ നൽകി. തുടർന്ന് പഞ്ചായത്തംഗങ്ങൾ പഞ്ചായത്ത്  പ്രസിഡന്‍റിന്‍റെ നേതൃത്വത്തില്‍ വെള്ളത്തിൽ ഇറങ്ങി നിന്ന് പ്രതിഷേധിച്ചു. പിന്നീട് പ്രതിഷേധവുമായി കാഞ്ചിയാർ പഞ്ചായത്ത് പ്രസിഡണ്ട്, കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എന്നിവരുടെ നേതൃത്വത്തിലെത്തിയ  സംഘം കാഞ്ചിയാർ ഫോറസ്റ്റ് സ്റ്റേഷനിലേയ്ക്ക്  മാർച്ച് നടത്തി. തുടര്‍ന്നുണ്ടായ സങ്കര്‍ഷത്തില്‍ നാട്ടുകാര്‍ ഫോറസ്റ്റ് ഓഫീസ് അടിച്ചു തകർത്തു. 

ഓഫീസിന്റെ ജനൽചില്ലുകൾ, മേശ, കസേരകൾ, കംപൂട്ടുകൾ, മറ്റ് ഉപകരങ്ങൾ എന്നിവ തല്ലിതകർത്ത പ്രതിഷേധക്കാർ സ്റ്റേഷന്റെ ചാർജ് വഹിച്ചിരുന്ന സെക്ഷൻ ഗ്രേഡ് ഓഫീസർ കെ.റ്റി സന്തോഷിനെ മർദ്ദിച്ചു. തുടർന്ന് ബോട്ടിംഗിന് അനുമതി ലഭിക്കണം എന്നാവശ്യപ്പെട്ട് ഫോറസ്റ്റ് സ്റ്റേഷൻ ഉപരോധിച്ചു.  ഈ സമയം ഉയർന്ന ഫോറസ്റ്റ് ഉദ്യോഗസ്ഥരാരും സ്ഥലത്ത് ഉണ്ടായിരുന്നില്ല. കാഞ്ചിയാർ പഞ്ചായത്ത് പ്രസിഡന്റ് മാത്യു ജോർജിന്റെ നേതൃത്വത്തിൽ നൂറോളം പേർ ഓഫീസിനുള്ളിൽ വൈകുന്നേരം അഞ്ചു മണി വരെ കുത്തിയിരുന്നു ഓഫീസ് ഉപരോധിച്ചു. 

ഇതിനിടയിൽ കട്ടപ്പന ഡി.വൈ.എസ്.പി ഇടപെട്ട് ചർച്ച നടത്തി. ഒടുവിൽ വൈദ്യുത വകുപ്പ് മന്ത്രിയടക്കമുള്ളവർ ഭരണ നേതൃത്തിൽ ഇടപെട്ടു.  ഈ മാസം 31 വരെ ബോട്ടിംഗിന് താൽക്കാലിക അനുമതി നൽകാമെന്ന് വനം വകുപ്പ് സമ്മതിച്ചതിനെ തുടർന്ന് ഉപരോധം പിൻവലിച്ച് നേതാക്കൾ സ്ഥലം വിട്ടതോടെ നാല് മണിക്കൂർ നീണ്ട നാടകീയ സംഭവങ്ങൾക്ക് പരിസമാപ്തിയായി.

Follow Us:
Download App:
  • android
  • ios