വടക്കുന്നാഥന്റെ തെക്കേഗോപുര നട നെയ്തലക്കാവിലമ്മ തള്ളിത്തുറന്നപ്പോള്‍ നഗരത്തെ പൂരാവേശത്തിലമര്‍ത്തി ആയിരങ്ങള്‍ ആര്‍പ്പുവിളിച്ചു.
പൂരങ്ങളുടെ പൂരത്തിന് വിളംബരം അറിയിച്ച് വടക്കുന്നാഥന്റെ തെക്കേഗോപുര നട നെയ്തലക്കാവിലമ്മ തള്ളിത്തുറന്നപ്പോള് നഗരത്തെ പൂരാവേശത്തിലമര്ത്തി ആയിരങ്ങള് ആര്പ്പുവിളിച്ചു. അടുത്ത പുലരി വെട്ടത്തിനും മുമ്പേ കണിമംഗലം ശാസ്താവ് ആദ്യ പൂരവുമായെത്തുന്നതോടെ 36 മണിക്കൂര് നീണ്ടു നില്ക്കുന്ന തൃശൂര് പൂരം തുടങ്ങും. നെയ്തലക്കാവ് ഭഗവതി തുറന്ന തെക്കേ ഗോപുരനടയിലൂടെ കണിമംഗലം ശാസ്താവ് വടക്കുന്നാഥ ക്ഷേത്രസന്നിധിയില് പ്രവേശിക്കുക.
ഒരു വര്ഷത്തെ ഒരുക്കങ്ങള്ക്കും കാത്തിരിപ്പിനും വിരാമമിട്ട് നഗരം ആവേശത്തിമിര്പ്പിലായി.
വര്ണ്ണനാദങ്ങളുടെ ദേവോത്സവമായ തൃശൂര് പൂരത്തിന് അരങ്ങുണരുന്നതും കാത്തിരിക്കുകയാണ് ലോകത്തെമ്പാടുമുള്ള പൂരപ്രേമികള്. ഇനി ആഘോഷത്തിമിര്പ്പിന്റെ മണിക്കൂറുകളാണ്. വടക്കുംനാഥന്റെ മണ്ണില് പൂരം തകര്ക്കുമ്പോള് മണ്ണിലും വിണ്ണിലും അത് ആഘോഷ കാഴ്ചയാവും. നാടും നഗരവുമെല്ലാം ഇനി തൃശൂര് പൂരത്തിന്റെ ലഹരിയിലമരും. നാട്ടുവഴികളില്, നഗരവീഥികളില് ആനകളുടെ ചങ്ങലക്കിലുക്കവും മേളപ്പെരുക്കവും നിറയും.
ഒന്നര ദിവസം നീണ്ടു നില്ക്കുന്ന തൃശൂര് പൂരം പുലരുന്നത് വടക്കുന്നാഥനില് നിന്നാണ്. പൂരം നാളില് ഏഴരവെളുപ്പിന് വടക്കുന്നാഥനില് കതിന വെടി മുഴങ്ങുന്നതോടെ പൂരം പുലരുകയായി. പൂരത്തിന് അരങ്ങ് ഉണരുന്നതും അവസാനിക്കുന്നതും വടക്കുന്നാഥ ക്ഷേത്രത്തിലാണെങ്കിലും വടക്കുന്നാഥന് വെറുമൊരു കാഴ്ചക്കാരന് മാത്രമാണ്.
നാദവിസ്മയം തീര്ക്കുന്ന തിരുവമ്പാടിയുടെ മഠത്തില്വരവും കുഞ്ഞിലഞ്ഞിയുടെ ചുവട്ടില് പാറമേക്കാവിന്റെ ഇലഞ്ഞിത്തറ മേളവും അരങ്ങ് തകര്ക്കും.
പൂരത്തിന്റെ പ്രധാന ആകര്ഷമായ തെക്കോട്ടിറക്കം കഴിഞ്ഞാല് പിന്നെ കുടമാറ്റത്തിന്റെ ദൃശ്യചാരുത. പൂഴിയെറിഞ്ഞാല് നിലം തൊടാത്തത്ര ജനസമുദ്രം സാക്ഷിയാവുന്ന കുടമാറ്റം കഴിഞ്ഞാല് രാത്രിയില് പകല്പൂരത്തിന്റെ തനിയാവര്ത്തനം. പിന്നെ മണ്ണിലും മാനത്തും വെടിക്കെട്ടിന്റെ ഇരമ്പമായി. പുലര്ച്ചെ വെടിക്കെട്ട് കഴിഞ്ഞാല് പൂരപ്പിറ്റേന്ന് തിരുവമ്പാടി, പാറമേക്കാവ് വിഭാഗങ്ങളുടെ ഉപചാരം ചൊല്ലി പിരിയല് ചടങ്ങോടെയാണ് സമാപനം.
പൂരത്തിരക്ക് നിയന്ത്രിക്കാന് റാമ്പുമായി പോലീസ്
തൃശൂര്: തൃശൂര് പൂരത്തിന്റെ സുരക്ഷാ ക്രമീകരണങ്ങള് സുശക്തമാക്കാന് പോലീസ് സേന ഒരുങ്ങി. തൃശൂര് ജില്ലയിലെയും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില് നിന്നുമായി 29 ഡിവൈഎസ്പിമാരും 146 വനിതാ സിവില് പോലീസ് ഉദ്യോഗസ്ഥകളും ഉള്പ്പടെ 2700 ല് പരം പോലീസുകാരെയാണ് വിന്യസിക്കുന്നത്. സുരക്ഷ കുറ്റമറ്റതാക്കുന്നതിന് വടക്കുംനാഥ ക്ഷേത്രത്തെ പ്രത്യേക സോണായും തേക്കിന്കാട് മൈതാനത്തെ അഞ്ച് സോണുകളായും തിരിച്ചിട്ടുണ്ട്.
ഇതിനു പുറമേ, സ്വരാജ് റൗണ്ടിനെ നാല് സെഗ്മെന്റുകളായും എംഒ റോഡ് മുതല് കോര്പ്പറേഷന് ഓഫീസ് വരെയുള്ള ഭാഗത്തെ പ്രത്യേക സെഗ്മെന്റായും തിരിച്ചു. സോണുകളും സെഗ്മെന്റുകളും ഓരോ ഡിവൈഎസ്പിമാരുടെ നേരിട്ടുള്ള മേല്നോട്ടത്തിലായിരിക്കും. 750 ഓളം പോലീസുകാരെ ഇവിടെ വിന്യസിക്കും.

ഗതാഗതം നിയന്ത്രിക്കാന് പ്രത്യേക സംവിധാനം
പൂരം ദിവസങ്ങളില് ഗതാഗത നിയന്ത്രണത്തിനായി ഒരു ഡിവൈഎസ്പിയുടെ നേതൃത്വത്തില് വിപുലമായ പോലീസ് സംഘത്തെ നിയോഗിച്ചിട്ടുണ്ട്. മൊബൈല് പട്രോള്, ബൈക്ക് പട്രോള് തുടങ്ങിയവയും ഉണ്ടാകും. പൂരം ദിവസങ്ങളില് പൊതുജനങ്ങള് സ്വകാര്യ വാഹനങ്ങള് നിരത്തിലിറക്കുന്നത് പരമാവധി ഒഴിവാക്കി, പൊതുഗതാഗത സംവിധാനത്തെ ഉപയോഗപ്പെടുത്താന് സഹകരിക്കണമെന്ന് സുഗമമായ നടത്തിപ്പിനും പൊതു ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി വിപുലമായ സുരക്ഷാ ക്രമീകരണങ്ങള് ഒരുക്കിയതായി തൃശൂര് റെയ്ഞ്ച് ഐജി. എം.ആര്. അജിത്കുമാര് നിര്ദ്ദേശിച്ചു. സ്വരാജ് റൗണ്ടിലേക്കുള്ള വാഹന ഗതാഗതം പാസ് മൂലം നിയന്ത്രിച്ചിട്ടുണ്ട്.
നഗരത്തിന് പുറത്തും പോലീസ് പട
പൂരം നടക്കുന്ന സമയത്ത് നഗരാതിര്ത്തിക്ക് വെളിയില് ഉണ്ടാകാനിടയുള്ള അനിഷ്ട സംഭവങ്ങളെ നേരിടുന്നതിനായി ഒളരി, പടിഞ്ഞാറെകോട്ട, വിയ്യൂര് പവര് ഹൗസ്, ഒല്ലൂക്കര, കുരിയച്ചിറ, ലുലു ജംഗ്ഷന്, കൂര്ക്കഞ്ചേരി എന്നിവിടങ്ങളില് ഓരോ എസ്ഐമാര്ക്ക് കീഴില് 10 പോലീസുദ്യോഗസ്ഥന്മാരെ വലിയ വാഹനങ്ങള് സഹിതം വിന്യസിച്ചിട്ടുണ്ട്. 24 മണിക്കൂറും ഇവരുടെ സേവനമുണ്ടാകും.
സുരക്ഷാ ക്രമീകരണങ്ങളെ ഏകീകരിക്കുന്നതിന്റെ ഭാഗമായി 24 മണിക്കൂറും പ്രവര്ത്തിക്കുന്ന പ്രത്യേക കണ്ട്രോള് റൂം തേക്കിന്കാട് മൈതാനിയില് സജ്ജമാക്കി. വിവിധ ഡിപ്പാര്ട്ടുമെന്റുകളുമായി ഏകോപിച്ച് പ്രവര്ത്തിക്കുന്ന രീതിയിലാണ് ഇതിന്റെ സംവിധാനം. പോലീസിന്റെ സേവനം ലഭിക്കുന്നതിനും വിവരങ്ങള് അറിയുന്നതിനുമായി 0487 2422003, 9847199100, 7034100100 എന്നീ നമ്പറുകളില് ബന്ധപ്പെടണം.
തിരക്കേറിയ സ്ഥലങ്ങള് കേന്ദ്രീകരിച്ചു നടക്കുന്ന കവര്ച്ച, പിടിച്ചുപറി, സ്ത്രീകള്ക്കെതിരെയുള്ള കുറ്റകൃത്യങ്ങള് തുടങ്ങിയ തടയുന്നതിന് ജില്ലാ പോലീസ് മേധാവിയുടെ നേരിട്ടുള്ള മേല്നോട്ടത്തില് വിപുലമായ രീതിയില് മഫ്ടി പോലീസിനെ നിയോഗിക്കും. സിറ്റി പോലീസിന്റെ കീഴിലുള്ള ഷാഡോ പോലീസും ആന്റി ഗുണ്ടാ സ്ക്വാഡും രഹസ്യാന്വേഷണ വിഭാഗവും മുഴുവന് സമയവും നഗരത്തിലും പരിസരങ്ങളിലും നിരീക്ഷണം നടത്തും.
14 അംഗ ബോംബ് സ്ക്വാഡിന്റെ സേവനവും ഒരുക്കിയിട്ടുണ്ട്. ജനത്തിരക്കേറിയ പ്രധാനപ്പെട്ട കേന്ദ്രങ്ങളിലെല്ലാം സ്ക്വാഡ് പരിശോധന നടത്തിവരികയാണ്. ശല്യക്കാരെ തത്സമയം പിടികൂടാന് സാധിക്കും വിധം സിറ്റിയുടെ മുഴുവന് ഭാഗവും നിരീക്ഷിക്കാന് ശേഷിയുള്ള 90 ക്ലോസ്ഡ് സര്ക്യൂട്ട് കാമറകള് സ്വരാജ് റൗണ്ടിലെയും തേക്കിന്കാട് മൈതാനിയിലെയും വിവിധ ഭാഗങ്ങളിലായി സ്ഥാപിച്ചിട്ടുണ്ട്.
കുട്ടികളെ കാണാതായാല് കണ്ടെത്താന് ഐഡി ടാഗ്
ജനങ്ങള്ക്ക് മുന്നറിയിപ്പ് നല്കുന്നതിനായി പബ്ലിക് അനൗണ്സ്മെന്റ് സംവിധാനവും ഉണ്ടാകും. പതിനാല് വയസ്സിന് താഴെയുള്ള കുട്ടികളെ തിരക്കില്പ്പെട്ട് കാണാതായാല് കണ്ടെത്തുന്നതിന് ഉപകരിക്കുന്ന റേഡിയോ ഫ്രീക്വന്സി ഐഡന്റിറ്റി ടാഗ് പൊലീസ് കണ്ട്രോള് റൂമില് നിന്നും ലഭിക്കും. കുട്ടികളുടെ കൈകളില് ഇത് ബന്ധിക്കണം.
നഗര പരിധിയില് ഹെലികോപ്ടര് സര്വീസ് ഉണ്ടാകും.
ഹെലികാം മുതലായ ഉപകരണങ്ങള്, പ്രത്യേക വാദ്യോപകരണങ്ങള്, എല്ഇഡി ലേസര് ലൈറ്റ്, നീളമേറിയ തരം ബലൂണുകള് തുടങ്ങി ജില്ലാ ഭരണകൂടം നിരോധിച്ചിട്ടുള്ള വസ്തുക്കള് ഉപയോഗിക്കുന്നത് കണ്ടെത്തിയാല് കര്ശന നടപടിയുണ്ടാകും. ബലക്ഷയമുള്ളതായി കണ്ടെത്തിയ 84 കെട്ടിടങ്ങള്ക്കും മുകളിലേക്ക് ജനങ്ങള്ക്ക് പ്രവേശനം അനുവദിക്കരുതെന്ന് ഉടമസ്ഥര്ക്ക് നിര്ദേശം നല്കിയിട്ടുണ്ട്. വെടിക്കെട്ട് സമയത്ത് പെട്രോള് പമ്പുകളിലെ ഇന്ധന ടാങ്കുകള് ഒഴിവാക്കിയിടണമെന്ന നിര്ദേശം ലംഘിക്കുന്നവര്ക്കെതിരെയും കര്ശന നടപടിയുണ്ടാകും.
തിരക്കു കുറക്കുന്നതിന് പ്രത്യേക റാമ്പും എമര്ജന്സി റൂട്ടും
തിരക്ക് കുറക്കുന്നതിനും അനിഷ്ട സംഭവങ്ങളുണ്ടായാല് ജനങ്ങളെ സുരക്ഷിതമായി പുറത്തെത്തിക്കുന്നതിനുമായി കിഴക്കേ ഗോപുര നടക്ക് സമീപം പ്രത്യേക റാമ്പ് നിര്മിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങളെ നേരിടുന്നതിന് തൃശൂര് ചെമ്പോട്ട് ലൈനിനെ എമര്ജന്സി റൂട്ട് ആയി പ്രഖ്യാപിച്ചു. ഇതാദ്യമായാണ് ഇത്തരമൊരു പരീക്ഷണം. കേന്ദ്ര, സംസ്ഥാന ദുരന്ത നിവാരണ സേനയിലെ ഉദ്യോഗസ്ഥന്മാര്, ഫോറസ്റ്റ്, വെറ്ററിനറി, ഫയര് ആന്ഡ് റെസ്ക്യു, മെഡിക്കല് വിഭാഗങ്ങളുടെ സേവനവും ഉറപ്പു വരുത്തിയിട്ടുണ്ട്. പോലീസ് കണ്ട്രോള് റൂമിലുള്ള 100 നമ്പറില് വിളിച്ചാല് പൂരം സംബന്ധിച്ച വിവരങ്ങളും പോലീസിന്റെ സേവനങ്ങളും ലഭ്യമാകും.

പൂരം വരവിലെ ആഘോഷം; ആനയെ വിരട്ടുന്നതാവേണ്ട
ചെറുപൂരങ്ങള് വരുന്നതും തിരിച്ചു പോകുന്നതുമായ വഴിയില് ആനകള്ക്ക് അലോസരമുണ്ടാക്കുന്ന വിധം റോഡരികില് പടക്കം പൊട്ടിക്കരുത്. അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന ഉടമസ്ഥരുള്ള നാല്ക്കാലികളെ ബന്ധപ്പെട്ടവര് തന്നെ പിടിച്ചു കെട്ടേണ്ടതാണ്. വെടിക്കെട്ട് കാണുന്നവര് ഫിനിഷിംഗ് പോയിന്റില് നിന്ന് പരമാവധി അകലം പാലിച്ച് നില്ക്കണം. ജനങ്ങള്, പ്രത്യേകിച്ച് സ്ത്രീകളും കുട്ടികളും വിലയേറിയ ആഭരണങ്ങള് ധരിച്ചെത്തുന്നത് പരമാവധി ഒഴിവാക്കണം.
കുടമാറ്റം വീക്ഷിക്കുന്നതിനായി മരങ്ങളിലും വടക്കുംനാഥ ക്ഷേത്രത്തിന്റെ മതില്ക്കെട്ടിന് മുകളിലും കയറരുത്.
പ്രധാന കേന്ദ്രങ്ങളില് മെഡിക്കല് എയ്ഡ് പോസ്റ്റുകള് ഉണ്ടായിരിക്കും. ജില്ലാ ആശുപത്രി, ബാറ്റാ ഷോറൂം, ന്യൂ കേരള ഷോറൂം, ധനലക്ഷ്മി ബേങ്ക്, സ്വപ്ന തിയേറ്റര് എന്നിവയുടെ മുന്വശങ്ങളിലായാണ് എയ്ഡ് പോസ്റ്റ് സേവനം ലഭ്യമാകുക.
രണ്ട് ദിവസം സ്വരാജ് റൗണ്ടില് ഗതാഗത നിയന്ത്രണം
പൂര ദിവസം തൃശൂര് നഗരത്തില് രാവിലെ ഏഴ് മുതല് പിറ്റേ ദിവസം പകല്പൂരം കഴിയുന്നത് വരെ ഗതാഗതം നിയന്ത്രിച്ചു. ഗതാഗത ക്രമീകരണത്തിന്റെ ഭാഗമായി പടിഞ്ഞാറേകോട്ടയില് താല്കാലിക ബസ് സ്റ്റാന്റ് പ്രവര്ത്തിക്കും. കാഞ്ഞാണി, വാടാനപ്പിള്ളി, അന്തിക്കാട്, അടാട്ട് എന്നീ ഭാഗങ്ങളില് നിന്ന് വരുന്ന ബസുകള് പടിഞ്ഞാറെകോട്ടയില് യാത്ര അവസാനിപ്പിച്ച് യാത്രതിരിക്കും. പൂരം കാണാന് എത്തുന്നവരുടെ വാഹനങ്ങള് കോലത്തുംപാടം, ഇന്ഡോര് സ്റ്റേഡിയം, വടക്കേസ്റ്റാന്റിന് സമീപമുള്ള കോര്പറേഷന് പാര്ക്കിങ്ങ് ഗ്രൗണ്ട്. പള്ളിത്താമംഗ്രൗണ്ട്, ശക്തന് നഗര് എന്നിവിടങ്ങളില് പാര്ക്ക് ചെയ്യണം.
