മഹാരാഷ്ട്ര മുൻസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിൽ മികച്ച മുന്നേറ്റവുമായി എൻഡിഎ സഖ്യമായ മഹായുതി. ഹായുതിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും രംഗത്തെത്തി.
മുംബൈ: മഹാരാഷ്ട്ര മുൻസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിൽ മികച്ച മുന്നേറ്റവുമായി എൻഡിഎ സഖ്യമായ മഹായുതി. 29 കോർപ്പറേഷനുകളിൽ 25ലും ബിജെപി മുന്നണിയാണ് അധികാരത്തിലെത്തിയത്. ഇതിൽ 20ലും ബിജെപിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി. 1995 മുതൽ ശിവസേനയുടെയും താക്കറെ കുടുംബത്തിന്റെയും കുത്തകയായിരുന്ന മുംബൈ കോർപറേഷനിലും ബിജെപി ഭരണം ഉറപ്പിച്ചു. മഹായുതിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും രംഗത്തെത്തിയിരുന്നു. സാമൂഹിക മാധ്യമമായ എക്സിലൂടെയായിരുന്നു പ്രതികരണം.
227 സീറ്റിൽ 118 സീറ്റുകളാണ് എൻഡിഎ മുന്നണിക്ക് ലഭിച്ചത്. ശിവസേന ഉദ്ധവ് വിഭാഗവും താജ് താക്കറയുടെ മഹാരാഷ്ട്ര നവ നിർമ്മാൺ സേനയും ചേർന്ന സഖ്യം 72 സീറ്റുകൾ നേടി. ഒറ്റക്ക് മൽസരിച്ച കോൺഗ്രസ് 24 സീറ്റിൽ വിജയിച്ചു. ധാരാവിയിൽ മലയാളി തൃശൂർ സ്വദേശി ജഗദീഷ് തൈപ്പള്ളിയും ഗോരേഗാവിൽ ആറ്റിങ്ങൾ സ്വദേശി ശ്രില പിള്ളയും വിജയിച്ചു. പുനെ, പിംപ്രി ചിഞ്ച് വാഡ് മുൻസിപ്പൽ കോർപറേഷനുകളിൽ എൻസിപി ശരത്പവാർ അജിത് പവാർ സഖ്യം ശക്തി പരീക്ഷിച്ചുവെങ്കിലും ബിജെപിക്ക് മുന്നിൽ പതറി. മികച്ച മുന്നേറ്റമാണ് ഇവിടങ്ങളിൽ ബിജെപി നടത്തിയത്. ലാത്തൂർ മുൻസിപ്പൽ കോർപറേഷൻ കോൺഗ്രസ് നിലനിർത്തി.
