അഭിഭാഷകര്‍ക്കെതിരെ ലൈംഗിക പീഡന പരാതി നല്‍കിയ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ബംഗളൂരു പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ആന്‍ഡമാന്‍ നിക്കോബാര്‍ സ്വദേശിനിയാണ് നഗരത്തിലെ താമസസ്ഥലത്ത് വിഷം ഉളളില്‍ചെന്ന് മരിച്ചത്.

ബംഗളൂരു: അഭിഭാഷകര്‍ക്കെതിരെ ലൈംഗിക പീഡന പരാതി നല്‍കിയ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ബംഗളൂരു പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ആന്‍ഡമാന്‍ നിക്കോബാര്‍ സ്വദേശിനിയാണ് നഗരത്തിലെ താമസസ്ഥലത്ത് വിഷം ഉളളില്‍ചെന്ന് മരിച്ചത്. പ്രതികള്‍ ഭീഷണിപ്പെടുത്തിയതില്‍ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്‌തെന്നാണ് നിഗമനം.

നഗരത്തിലെ ഒരു സ്ഥാപനത്തില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യുകയായിരുന്ന യുവതിയെയാണ് മല്ലേശ്വരത്തെ താമസസ്ഥലത്ത് മൂന്ന് ദിവസം മുമ്പ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്ഥാപനത്തിലെ രണ്ട് അഭിഭാഷകര്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന് ഈ മാസം ഇരുപതിന് യുവതി പരാതി നല്‍കിയിരുന്നു. കര്‍ണാടക ഹൈക്കോടതിയിലെ അഭിഭാഷകരായ ചേതന്‍ ദേശായി, ചന്ദ്ര നായിക് എന്നിവര്‍ക്ക് എതിരെയായിരുന്നു പരാതി. ഇരുവരും പബില്‍ കൊണ്ടുപോയി നിര്‍ബന്ധിച്ച് മദ്യം കഴിപ്പിക്കുകയും ലൈംഗികോദ്യേശത്തോടെ പെരുമാറുകയും ചെയ്‌തെന്ന് യുവതി ആരോപിച്ചിരുന്നു. 

അശ്ലീല ചിത്രങ്ങള്‍ കാണിച്ചെന്നും പരാതിയിലുണ്ട്. കേസെടുത്തെങ്കിലും കൂടുതല്‍ നടപടിയെടുക്കാന്‍ പൊലീസ് തയ്യാറായില്ല. അഭിഭാഷകര്‍ മുന്‍കൂര്‍ ജാമ്യം നേടുകയും ചെയ്തു. ആന്‍ഡമാനില്‍ നിന്ന് അച്ഛനെയും സഹോദരനെയും ഇക്കാര്യം പറഞ്ഞ് യുവതി വ്യാഴാഴ്ച വിളിച്ചുവരുത്തിയിരുന്നു. ശനിയാഴ്ച രാവിലെയാണ് വിഷം ഉളളില്‍ചെന്ന് മരിച്ചനിലയില്‍ കണ്ടത്. 

പരാതി നല്‍കിയ ശേഷം കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നു യുവതിയെന്ന് സുഹൃത്തുക്കള്‍ പറയുന്നു. പ്രതികളായ അഭിഭാഷകര്‍ ഭീഷണിപ്പെടുത്തിയിട്ടുണ്ടാവാമെന്നും ഇത് ആത്മഹത്യയിലേക്ക് നയിച്ചിരിക്കാമെന്നുമാണ് പൊലീസ് നിഗമനം. അഭിഭാഷകരുടെയും യുവതിയുടെ ഫോണ്‍ വിളികളുടെ രേഖകള്‍ പരിശോധിച്ച് വരികയാണ്. അഭിഭാഷകര്‍ക്കെതിരെ ആത്മഹത്യാ പ്രേരണയ്ക്കും കേസെടുത്തിട്ടുണ്ട്.