വിജയവാഡ: പൂർവകാമുകിയുടെ ആസിഡ് ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം. ആന്ധ്രപ്രദേശിലെ ഗുണ്ടൂർ ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. ചൊവ്വാഴ്ചയാണ് സംഭവം നടന്നതെങ്കിലും പുറംലോകമറിഞ്ഞത് ഇന്നാണ്. ഷെയ്ഖ് മുഹമ്മദ് ഇല്യാസ് എന്ന ഇരുപത്തിനാലുകാരനാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ നിലയിൽ ഇയാളെ ഗുണ്ടൂരിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

രണ്ടു ദിവസം മുൻപായിരുന്നു യുവാവിന്‍റെ വിവാഹം. സ്വന്തം ഗ്രാമത്തിൽ വച്ചാണ് വിവാഹ ചടങ്ങുകൾ നടന്നത്. ഇതിന് പിന്നാലെ പൂർവ കാമുകി ഹേമ ബിന്ദു യുവാവിനെ ഫോണിൽ വിളിച്ച് പ്രദേശത്തെ ഒരു വീട്ടിലേക്ക് വരാൻ ആവശ്യപ്പെട്ടു. യുവാവിന്‍റെ കൈവശമുള്ള തന്‍റെ ചിത്രങ്ങൾ മടക്കി നൽകണമെന്നായിരുന്നു യുവതിയുടെ ആവശ്യം. ഹേമയുടെ സുഹൃത്തായ കാസിം വഴിയാണ് യുവാവിനെ വിളിച്ചത്. ചിത്രവുമായി വീട്ടിലെത്തിയ പൂർവകാമുകന്‍റെ മുഖത്ത് ബിന്ദു ആസിഡ് ഒഴിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.

സംഭവത്തിന് പിന്നാലെ യുവതിയും സുഹൃത്തും സ്ഥലത്ത് നിന്നും മുങ്ങി. ഇരുവർക്കും വേണ്ടി തെരച്ചിൽ തുടരുകയാണെന്നും ഉടൻ പിടിയിലാകുമെന്നും പോലീസ് അറിയിച്ചു.