പ്രാഥമികാവശ്യങ്ങള്‍ക്ക് സൗകര്യമില്ല; ഒറ്റമുറി വീട്ടില്‍ നിന്നും അനീഷക്ക് മോചനം

First Published 11, Mar 2018, 3:04 PM IST
aneesha thrissur
Highlights

 

  • അനീഷയുടെ ദുരിതം മാറുന്നു
  • അനീഷയെ മാറ്റി താമസിപ്പിക്കാന്‍ മന്ത്രി കെ.ടി. ജലീലിന്‍റെ നിര്‍ദേശം
  •  

തൃശൂര്‍: പ്രാഥമികാവശ്യങ്ങള്‍ക്ക് സൗകര്യമില്ലാത്ത ഒറ്റമുറി വീട്ടില്‍ നിന്നും തൃശൂര്‍ അഞ്ഞൂര്‍ സ്വദേശി അനീഷയെയും കുടുംബത്തെയും മാറ്റി താമസിപ്പിക്കാന്‍ മന്ത്രി കെ.ടി. ജലീലിന്‍റെ നിർദ്ദേശം. അനീഷയുടെ ദുരിതത്തെക്കുറിച്ച് ഏഷ്യാനെറ്റ് ന്യൂസാണ് റിപ്പോട്ട് ചെയ്തത്.

കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർക്കാണ് മന്ത്രിയുടെ നിർദേശം. അനീഷയുടെ വീട്ടിൽ പോയി സാഹചര്യം വിലയിരുത്താൻ കളക്ടര്‍ നിര്‍ദേശിക്കുകയും ചെയ്തു.തൃശൂരില്‍ പ്രാഥമികാവശ്യങ്ങള്‍ക്ക് സൗകര്യമില്ലാതെ ഒറ്റമുറി വീട്ടില്‍ താമസിക്കുന്ന 14 കാരിയെയും കുടുംബത്തെയും കുറിച്ച് അന്വേഷിച്ച് റിപ്പോട്ട് നല്‍കാന്‍ ശിശുക്ഷേമസമിതിയോട് കലക്ടര്‍ നിര്‍ദേശിച്ചിരുന്നു.

വീട്ടില് പ്രാഥമികാവശ്യങ്ങള്‍ക്ക് സൗകര്യമില്ലാത്തതിനാല്‍ അവധിദിവസങ്ങളില്‍ പട്ടിണി കിടക്കേണ്ട ഗതികേടിലാണ് അനീഷ. തൃശൂര്‍ അഞ്ഞൂര്‍ സ്വദേശി അനീഷ അമ്മയ്ക്കും സഹോദരനുമൊപ്പം ഒറ്റമുറി വാടകവീട്ടിലാണ് ഈ പതിനാലുകാരി കഴിയുന്നത്.

വേനലവധി തുടങ്ങാൻ ദിവസങ്ങള്‍ മാത്രം ബാക്കിയുളളപ്പോള്‍ അനീഷയുടെ ഉള്ളില്‍ ആധിയാണ്. മനസ് നിറഞ്ഞ് ഭക്ഷണം കഴിക്കുന്നത് സ്കൂള്‍ പ്രവൃത്തിദിവസങ്ങളില്‍ മാത്രമാണ്. അവധി ദിവസങ്ങളില്‍ എന്തെങ്കിലും കഴിച്ചെന്ന് വരുത്തും. അച്ഛൻ ചെറുപ്പത്തിലേ ഉപേക്ഷിച്ചുപോയി. ചെറിയ ക്ലാസില്‍ പഠിക്കുന്ന അനുജനും അമ്മയും മാത്രമെയുള്ളു പെണ്‍കുട്ടിക്ക്. കുന്നംകുളത്ത് ആക്രിക്കടയില്‍ ദിവസകൂലിയ്ക്ക് ജോലി ചെയ്യുന്ന അമ്മ കനിതുളസിയ്ക്ക് ഒറ്റമുറി വാടകവീട് തന്നെ താങ്ങാവുന്നതിലും അപ്പുറമാണ്.

കിടപ്പും ഭക്ഷണം പാകം ചെയ്യലും എല്ലാം ഒരൊറ്റമുറിയിലാണ് കഴിഞ്ഞ ഏഴുവര്‍ഷമായിട്ട്. ചുമരിനോട് ചേര്‍ന്ന് മറച്ചുകെട്ടിയ ഇടമാണ് കുളിമുറി. നേരത്തെ ആളൊഴിഞ്ഞ പറമ്പിലാണ് പ്രാഥമികകൃത്യങ്ങള്‍ നടത്തിയിരുന്നത്. നിര്‍ദ്ധനര്‍ക്കുളള ഭവനപദ്ധതിയില്‍ ഉള്‍പ്പെടുത്തി വീട് വെച്ചു തരണമെന്ന് കഴിഞ്ഞ വര്‍ഷം മുഖ്യമന്ത്രിക്കും കളക്ടര്‍ക്കും കത്തയച്ചെങ്കിലും കാര്യമുണ്ടായിരുന്നില്ല.

 

 

 

loader