കോട്ടയം: നാലു വയസ്സുകാരനെ അങ്കണവാടി അധ്യാപിക വടി കൊണ്ട് അടിച്ചു പരുക്കേല്‍പിച്ചതായി പരാതി. രക്ഷിതാക്കളുടെ പരാതിയില്‍ പൊലീസ് കേസെടുത്തു. മറവന്തുരുത്ത് പഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന 131-ാം നമ്പര്‍ അങ്കണവാടിയില്‍ ആണ് സംഭവം. നേരേകടവ് ചാരങ്കടവില്‍ തിലകമ്മയുടെ (57) പേരിലാണ് കേസെടുത്തത്. 

ശനിയാഴ്ച വൈകിട്ട് കുട്ടിയെ അങ്കണവാടിയില്‍നിന്നു കൂട്ടിക്കൊണ്ടു പോകാന്‍ എത്തിയപ്പോഴാണ് വിവരം കുട്ടി പറഞ്ഞത്. തുടര്‍ന്ന് വൈക്കം താലൂക്കാശുപത്രിയില്‍ ചികില്‍സ തേടി. ഇന്നലെ പൊലീസില്‍ പരാതി നല്‍കി. ഇന്ന് ഐസിഡിഎസ് അധികൃതര്‍ക്കും പരാതി നല്‍കും. 

കുട്ടിയുടെ കാലില്‍ പാടുകള്‍ ഉണ്ട്. നാലു കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്ന് ഐസിഡിഎസ് സിഡിപിഒ കെ.ആര്‍. വിജയ പറഞ്ഞു. വികൃതി കാട്ടിയപ്പോള്‍ ഈര്‍ക്കില്‍ കൊണ്ടു തല്ലിയതായും 37 വര്‍ഷമായി കുട്ടികളെ പഠിപ്പിക്കുന്നു. ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്നും അധ്യാപിക പറഞ്ഞു.