മഹദായി നദിയിൽ നിന്നും ഏഴ് ദശാംശം അഞ്ച് ടിഎംസി വെള്ളം അനുവദിക്കണമെന്ന കർണാടകത്തിന്‍റെ ആവശ്യം ജൂലൈയിൽ ട്രിബ്യൂണൽ തള്ളിയതിന് പിന്നാലെ ഉത്തര കർണാടകത്തിൽ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. ഇതടങ്ങിയപ്പോഴാണ് കാവേരിയിൽ നിന്ന് തമിഴ്നാടിന് വെള്ളം കൊടുക്കണമെന്ന് സുപ്രീം കോടതി ഉത്തരവുണ്ടാകുന്നതും മാണ്ഡ്യയിലും ശ്രീരംഗപട്ടണത്തും കർഷകർ തെരുവിലിറങ്ങിയതും.
ഇരു തിരിച്ചടികളും കോൺഗ്രസ് സർക്കാരിന്റെ പരാജയത്തിന്റെ തെളിവാണെന്നാണ് ബിജെപിയുടെ വിമർശനം. സർക്കാർ സർവ്വകക്ഷി യോഗം വിളിച്ചത് പോലും ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണെന്നും ജഗദീഷ് ഷെട്ടാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോൺഗ്രസിനെതിരെ നദീ തർക്കങ്ങൾ ആയുധമാക്കാനാണ് ബിജെപിയുടെ തീരുമാനം.. അതേ സമയം മഹദായി നദിയിൽ നിന്നും കർണാടകത്തിന് വെള്ളം നൽകുന്നതിനെ എതിർത്തത് ബിജെപി ഭരിക്കുന്ന ഗോവയും മഹാരാഷ്ട്രയുമാണെന്ന വാദം ഉയർത്തിയാണ് കോൺഗ്രസിന്‍റെ പ്രതിരോധം.
