കഴിഞ്ഞ നാല് വര്‍ഷമായി ഞങ്ങള്‍ പാര്‍ട്ടിക്ക് വേണ്ടി അക്ഷീണം പ്രവർത്തിക്കുകയാണെന്നും യോഗിയുടെ പ്രസ്താവനകൾ കാരണം ഞങ്ങളുടെ മതത്തില്‍ നിന്നുപോലും മാറ്റി നിർത്തപ്പെടുന്ന സാഹചര്യമാണെന്നും അമന്‍ മേമന്‍ പറയുന്നു.
ഇൻഡോർ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മുസ്ലീം വിരുദ്ധ പ്രസ്താവനയിൽ പ്രതിഷേധിച്ച് മുതിർന്ന ബിജെപി നേതാക്കൾ പാർട്ടിയിൽ നിന്ന് രാജിവെച്ചു. ബി ജെ പി പാർട്ടി റാവു നഗർ വൈസ് പ്രസിഡന്റ് സോനു അൻസാരി, മഹാറാണ പ്രതാപ് മണ്ഡൽ വൈസ് പ്രസിഡന്റ് ഡാനിഷ് അന്‍സാരി, മണ്ഡല്‍ വൈസ് പ്രസിഡന്റ് അമന്‍ മേമന്‍, ഇന്‍ഡോറിലെ ബിജെപി മൈനോറിറ്റി സെല്‍ അംഗങ്ങളായ അനിസ് ഖാന്‍, റിയാസ് അന്‍സാരി തുടങ്ങിയവരാണ് പാർട്ടി വിട്ടത്.
തെരഞ്ഞെടുപ്പ് വിജയം മാത്രം ലക്ഷ്യം വച്ച് മതവിഭാഗങ്ങളെ വേർതിരിച്ച് കാണുന്ന യോഗിയുടെ പ്രസ്താവനയിൽ മനംമടുത്താണ് തീരുമാനമെന്ന് നേതാക്കൾ വ്യക്തമാക്കി. കഴിഞ്ഞ നാല് വര്‍ഷമായി ഞങ്ങള്‍ പാര്‍ട്ടിക്ക് വേണ്ടി അക്ഷീണം പ്രവർത്തിക്കുകയാണെന്നും യോഗിയുടെ പ്രസ്താവനകൾ കാരണം ഞങ്ങളുടെ മതത്തില്‍ നിന്നുപോലും മാറ്റി നിർത്തപ്പെടുന്ന സാഹചര്യമാണെന്നും അമന്‍ മേമന്‍ പറയുന്നു. മുസ്ലീം വിരുദ്ധ പ്രസ്താവന കാരണം സ്വന്തം മതത്തിലുള്ളവരോട് വോട്ട് ചോദിക്കാന്‍ തന്നെ മടിയാണെന്നും അതുകൊണ്ട് പാര്‍ട്ടി വിടുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇക്കാര്യങ്ങൾ ചൂണ്ടികാട്ടി പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായ്ക്കും സംസ്ഥാന അധ്യക്ഷന്‍ രാകേഷ് സിങിനും കത്തയ്ക്കുമെന്ന് ബി ജെ പി മൈനോറിറ്റി സെല്‍ സ്‌റ്റേറ്റ് വൈസ് പ്രസിഡന്റ് നസീര്‍ ഷാ പറഞ്ഞു. ലാദ്‌ലി ലക്ഷ്മി യോജന, ടീര്‍ത് ദര്‍ശന്‍ യോജന, പി എം ഹൗസിങ് സ്‌കീം തുടങ്ങിയവ ജാതിക്കും മതത്തിനും അതീതമായി സര്‍ക്കാര്‍ കൊണ്ടു വന്ന പദ്ധതികളാണെന്നും ജനങ്ങളുടെ അടുത്ത് വോട്ട് ചോദിക്കാവുന്ന പദ്ധതികളാണ് ഇവയെല്ലാമെന്നും അദ്ദേഹം പറയുന്നു.
കഴിഞ്ഞ മാസം മധ്യപ്രദേശിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ''അവര്‍ (കോണ്‍ഗ്രസ്) അലിയെ മുറുകെ പിടിക്കട്ടെ, നമുക്ക് ബജ്‌റംഗ്ബലിയെ ഒപ്പം നിര്‍ത്താം'' എന്ന് കോൺഗ്രസിനെ വിമർശിച്ചു കൊണ്ട് യോഗി പറഞ്ഞിരുന്നു. ഈ പരാമര്‍ശം പാർട്ടിക്കുള്ളിൽ വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു. മുസ്ലീങ്ങളെ അപകീർത്തിപ്പെടുത്തുന്ന തരത്തിലാണ് യോഗി സംസാരിച്ചതെന്ന് രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നത്.
