ദില്ലി: അനില്‍ കെ ആന്‍റണിയെ കെ പി സി സി സോഷ്യൽ മീഡിയ കോഡിനേറ്ററായി രാഹുൽ ഗാന്ധി നിയമിച്ചു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ എ കെ ആന്‍റണിയുടെ മകനാണ് അനില്‍ കെ ആന്‍റണി. നേരത്തേ  ഡിജിറ്റൽ മീഡിയ കൺവീനറായി അനില്‍ കെ ആന്‍റണി ചുമതലയേറ്റിരുന്നു. 

തന്റേത് രാഷ്ട്രീയ ദൗത്യമല്ലെന്നും പുതിയ കാലത്തിന്റെ സാധ്യതകൾക്ക് അനുസരിച്ച് പാർട്ടിയെ പ്രാപ്തമാക്കുക മാത്രമാണ് ലക്ഷ്യമെന്നും അനില്‍ തനിക്ക് പാര്‍ട്ടിയില്‍ ലഭിച്ച സ്ഥാനത്തെ കുറിച്ച് പ്രതികരിക്കുകയും ചെയ്തിരുന്നു.  ചുമതലയേറ്റെടുത്തത് ശശി തരൂരിന്റെ നിർദ്ദേശപ്രകാരമെന്നും അനില്‍ ആന്റണി വിശദമാക്കിയിരുന്നു. 

Read More : പൊരുതാനുറച്ച് അനിൽ ആന്‍റണി; സഖാക്കളോടും സംഘപരിവാറിനോടും മാത്രമല്ല ഗ്രൂപ്പ് കളിക്കുന്ന കോൺഗ്രസുകാരോടും

എന്നാല്‍  കെ പി സി സി ഭാരവാഹിത്വത്തിന്  തുല്യമാണ് കണ്‍വീനര്‍ സ്ഥാനമെന്നും പാര്‍ട്ടിയില്‍ പ്രവര്‍ത്തി പരിചയമില്ലാത്ത ഒരാളെ തല്‍സ്ഥാനത്തേക്ക് നിയമിച്ചത് ശരിയായില്ലെന്നും സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തില്‍നിന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. കെപിസിസി ഭാരവാഹിത്വത്തിലേക്കോ സ്ഥാനാര്‍ഥിത്വത്തിലേക്കോ ഉള്ള ചുവടുവെയ്പിന്റെ തുടക്കമാണിതെന്നും യൂത്ത് കോണ്‍ഗ്രസ് കെഎസ് യു നേതാക്കള്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇതിനിടെയാണ് രാഹുല്‍ ഗാന്ധി നേരിട്ട് പുതിയ ചുമതല നല്‍കിയിരിക്കുന്നത്.