അഞ്ജുവിന്റെ സഹോദരന്‍ അജിത് മാര്‍ക്കോസിനെ സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ അസിസ്റ്റന്റ് സെക്രട്ടറി ടെക്‌നിക്കല്‍ തസ്തികയില്‍ നിയമിക്കുന്നത് ഇക്കഴിഞ്ഞ മാര്‍ച്ച് നാലിന്. സ്ഥിരം നിയമനത്തിന് ഫിസിക്കല്‍ എജുക്കേഷനില്‍ ബിരുദാനന്തര ബിരുദം വേണം. ഡെപ്യൂട്ടേഷനാണെങ്കില്‍ അന്താരാഷ്ട്രാ മത്സരങ്ങളില്‍ ഇന്ത്യയെ പ്രതിനിധീകരിക്കണം. അല്ലെങ്കില്‍ മുന്‍ അന്താരാഷ്ട്രാ പരിശീലകനാകണം. എന്നാല്‍ അജിതിന്റെ യോഗ്യത എംസിഎയാണ്. പ്രത്യേക കേസായി പരിഗണിച്ചാണ് നിയമനമെന്നും ഉത്തരവില്‍ പറയുന്നു. ചുമതലയേറ്റയുടന്‍ അജിത് അവധിയിലാണ്. വിവാദം ശക്തമാകുന്നതിനിടെ പത്മിനി തോമസ് അഞ്ജുവിനെ പരോക്ഷമായി വിമര്‍ശിച്ചും കായകമന്ത്രിയെ പിന്തുണച്ചു. അഞ്ജുവിനെ മന്ത്രി അപമാനിക്കുമെന്ന് കരുതുന്നില്ലെന്ന് പത്മിനി തോമസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അഞ്ജു അഴിമതിക്കാരിയല്ലെങ്കിലും ധൂര്‍ത്ത് ഒഴിവാക്കണമെന്നും അവര്‍ പറഞ്ഞു.
കായികമന്ത്രി കൂടുതല്‍ വിശദീകരണമായി രംഗത്തെത്തി. കൗണ്‍സിലിലെ ചില നിയമനങ്ങളെ കുറിച്ചും ചിലരുടെ വിദേശയാത്രകളെ കുറിച്ചുമാണ് അഞ്ജുവിനോട് ചോദിച്ചതെന്ന് ഇ പി ജയരാജന്‍ പറഞ്ഞു. ബംഗ്‌ളൂരുവില്‍ നിന്നുള്ള യാത്ര അഞ്ജുവിന് ചീത്തപ്പേരുണ്ടാക്കിയെന്നും മന്ത്രി പറഞ്ഞു. സൗഹൃദത്തോടെ പിരിഞ്ഞ കൂടിക്കാഴ്ചക്ക് ശേഷം രണ്ട് ദിവസം കഴിഞ്ഞാണ് അഞ്ജു പരാതിപ്പെട്ടത്. അഞ്ജുവിനെ മറയാക്കി കായികമേഖലയിലെ അഴിമതിയെ സംരക്ഷിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്നും ഇത് അനുവദിക്കില്ലെന്നും ജയരാജന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.
