സമരം തുടരുന്ന അണ്ണാ ഹസാരയുടെ ആരോഗ്യനില വഷളാകുന്നു

ദില്ലി: അനിശ്ചിതകാല നിരാഹാര സമരം തുടരുന്ന അണ്ണാഹസാരെയുടെ ആരോഗ്യസ്ഥിതി മോശമായതായി ഡോക്ടര്‍മാര്‍. എന്നാല്‍ ലോക്പാല്‍ രൂപീകരിക്കുന്നത് ഉള്‍പ്പെടെ മുഴുവന് ആവശ്യങ്ങളും അംഗീകരിക്കുന്നത് വരെ നിരാഹാരം തുടരുമെന്ന് ഹസാരെ വ്യക്തമാക്കി.സമരത്തിന് പിന്തുണയുമായി കൂടുതല്‍ സംഘടനങ്ങള്‍ രംഗത്തെത്തി. കേന്ദ്രത്തില്‍ ലോക്പാലും സംസ്ഥാനങ്ങളില്‍ ലോകായുക്തയും രൂപീകരിക്കുക,സ്വമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുക, ജനപ്രതിനിധികളെ തിരികെ വിളിക്കാനുള്ള അധികാരം ജനങ്ങള്‍ക്ക് നല്‍കുക എന്നിവയാണ് ഹസാരെയുടെ ആവശ്യങ്ങള്‍. 

സമരത്തിന് പട്ടേല്‍ വിഭാഗത്തിന്റെ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച ഹാര്‍ദിക്ക് പട്ടേല്‍ ഉടന്‍ സമരപന്തലിലേക്ക് എത്തുമെന്നും അറിയിച്ചു. രാഷട്രീയ നേതാക്കള്‍ക്ക് സമരവേദിയിലേക്ക് വിലക്കുണ്ടെങ്കിലും അഴിമതിക്ക് എതിരെ പോരാടുന്നവരെ സ്വാഗതം ചെയ്യുന്നതായും ഹസാരെ പറഞ്ഞു. അതേസമയം അണ്ണാഹസാരെയുടെ രക്തസമ്മര്‍ദം വര്‍ധിച്ചതായും ശരീരഭാരം മൂന്ന് കിലോ കുറഞ്ഞതായും ഡോക്ടര്‍മാര്‍ അറിയിച്ചു. വേദിയില്‍ പ്രസംഗിക്കരുതെന്നും അണ്ണാസഹാരയോട് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. ആരോഗ്യസ്ഥിതി കൂടുതല്‍ മോശമായാല്‍ അണ്ണാ ഹസാരയെ ആശുപത്രിയിലേക്ക് മാറ്റും.