കൊച്ചി: കേരള ഹൈക്കോടതി കെട്ടിട നിര്‍മാണത്തില്‍ അപാകതയെന്ന് റിപ്പോര്‍ട്ട്. അശാസ്‌ത്രീയമായ നിര്‍മാണം കാരണം കെട്ടിടങ്ങള്‍ക്ക് ബലക്ഷയം ഉണ്ടായിരിക്കുന്നുവെന്ന് എന്‍.ഐ.ടി ഉള്‍പ്പടെയുള്ള ഏജന്‍സികള്‍ റിപ്പോര്‍ട്ട് നല്‍കി.

പതിനൊന്ന് വര്‍ഷം മുമ്പ് നിര്‍മിച്ച ഹൈക്കോടതി കെട്ടിടത്തിന് ബലക്ഷയമുണ്ടെന്ന സംശയത്തെത്തുടര്‍ന്നാണ് സംസ്ഥാന പൊതുമരാമത്ത് വകുപ്പ് പഠനത്തിനായി എന്‍.ഐ.ടിയെ ചുമതലപ്പെടുത്തിയത്. ബലക്ഷയം സംബന്ധിച്ച് തിരുച്ചിറപ്പള്ളി എന്‍.ഐ.ടിയുടെ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന ഫയലിങ് വിഭാഗം താഴേക്ക് മാറ്റിയിരിക്കുകയാണ്. കെട്ടിടത്തിലെ സി ബ്ലോക്കിലെ ബി-5, ബി-6 തൂണുകള്‍ക്ക് പൊട്ടലുണ്ട്. രണ്ടാം നിലയില്‍ ഡിസ്‌പെന്‍സറി പ്രവര്‍ത്തിക്കുന്ന ഭാഗത്തും കെട്ടിടത്തിന് വിള്ളലുകള്‍ കണ്ടെത്തിയിട്ടുണ്ട്. തീര്‍പ്പാക്കിയ കേസ് ഫയലുകള്‍ സൂക്ഷിക്കുന്ന എഴും എട്ടും നിലകളിലും ഭിത്തിയില്‍ ചെറിയ വിള്ളലുണ്ട്. 

2006ല്‍ 96 കോടി രൂപയ്‌ക്കാണ് ഹൈക്കോടതി കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയായത്. പലകാലങ്ങളിലായി എട്ട് കരാറുകാരിലൂടെയാണ് നിര്‍മാണം പൂര്‍ത്തീകരിച്ചത്. കമ്പികളില്ലാതെയാണ് തൂണുകള്‍ നിര്‍മിച്ചതെന്നും നിര്‍മാണത്തിന് ഉപ്പുരസമുള്ള മണലാണ് ഉപയോഗിച്ചതെന്നുമെല്ലാം ആരോപണങ്ങള്‍ അന്നുതന്നെ ഉയര്‍ന്നിരുന്നു. എന്‍.ഐ.ടിയുടെ റിപ്പോര്‍ട്ടും നിര്‍മാണത്തിലെ അപാകത തുറന്ന് കാണിക്കുന്നതാണ്.