പുലര്‍ച്ചെ മുതലേ ബാങ്കുകള്‍ക്ക് മുന്നില്‍ തിരക്ക് തുടങ്ങിയിരുന്നു. അഞ്ചാം ദിനവും പണം കാത്ത് കിലോമീറ്ററുകളോളം നീളുന്ന നിര. ജനങ്ങളുടെ ക്ഷമ പരീക്ഷിച്ച് എപ്പോഴെങ്കിലുമൊക്കെ തുറക്കുന്ന എടിഎമ്മുകളാണ് എല്ലായിടത്തും‍. ഈയവസ്ഥക്ക് എന്ന് മാറ്റംവരുമെന്നാണ് ജനങ്ങളുടെ ചോദ്യം. പണം മാറാനായി നില്‍ക്കുന്നതിനിടെ പോക്കറ്റടി വ്യാപകമാകുന്നതായും പരാതിയുണ്ട്. കോഴിക്കോട് മാനാഞ്ചിറ എസ്.ബി.ഐയിലെത്തിയ കൊല്‍ക്കത്ത സ്വദേശി അബ്ദുള്‍ ജബ്ബാറിന്‍റെ അയ്യായിരം രൂപയടങ്ങുന്ന പഴ്സ് മോഷണം പോയി.

അടിയന്തര സാഹചര്യം പരിഗണിച്ച് 20 കോടി രൂപ കൂടി റിസര്‍വ് ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് നല്‍കി. 100, 50, 20, 10 രൂപ നോട്ടുകളാണ് എത്തിയിരിക്കുന്നത്. ചൊവ്വാഴ്ച മുതല്‍ കടകളടച്ചിട്ട് പ്രതിഷേധിക്കാനുള്ള വ്യപാരി വ്യവസായി ഏകോപനസമിതി നസ്റുദ്ദീന്‍ വിഭാഗത്തിന്റെ ആഹ്വാനം മറുപക്ഷം ബഹിഷ്ക്കരിക്കാനിടയുണ്ട്. പ്രതിഷേധം ഒരു ദിവസത്തേക്ക് മാത്രം ചുരുക്കിയാല്‍ മതിയെന്നാണ് ഹസന്‍കോയ വിഭാഗത്തിന്റെ ആലോചന. ഇതിനിടയിലും തൊടുപുഴയില്‍ ഒരു വിഭാഗം ബാങ്ക് ജീവനക്കാരുടെ സംസ്ഥാന സമ്മേളനം രണ്ടാം ദിവസവും തുടരുകയാണ്. വനിതാ സമ്മേളന ദിനമായ ഇന്ന് കൂടുതല്‍ വനിതാ ജീവനക്കാരെ പങ്കെടുപ്പിക്കാനുള്ള തീരുമാനം വ്യാപക പ്രതിഷേധത്തെ തുടര്‍ന്ന് ഉപേക്ഷിച്ചു.