തിരുവനന്തപുരം: മുൻ പോലീസ് മേധാവി ടി പി സെൻകുമാറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസെടുത്തു. അവധിക്കായി നൽകിയ അപേക്ഷയിൽ വ്യാ‍ജ മെഡ‍ിക്കൽ സർട്ടിഫിക്കറ്റ് നൽകിയെന്ന് പരാതിയിലാണ് മ്യുസിയം പോലിസ് കേസെടുത്തത്. പൊലീസ് മേധാവി സ്ഥാനത്തു നിന്ന് മാറ്റിയ ശേഷം എട്ടുമാസത്തോളം അവധിയിലായിരുന്ന സെൻകുമാർ സർവ്വിസിൽ തിരികെ പ്രവേശിച്ചപ്പോൾ ആയുർവേദ ചികിത്സയിലായിരുന്നുവെന്ന് തെളിയിക്കുന്ന ഡോക്ടറുടെ സർട്ടിഫിക്കറ്റ് നൽകി.

ഈ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന പരാതിയിൽ വിജിലൻസ് അന്വേഷണത്തിന് ചീഫ് സെക്രട്ടറി നിർദ്ദേശം നൽകിയിരുന്നു.ആരോപണം ശരി വച്ച വിജിലൻസ് സെൻകുമാർ അവധിക്കാലത്ത് ആനുകൂല്യങ്ങളൊന്നും പറ്റാത്ത സാഹചര്യത്തിൽ വിജിലെൻസ് കേസെടുക്കാൻ സാധിക്കില്ലെന്നും എന്നാൽ വ്യാജ രേഖ ചമച്ചതിന് പോലീസ് കേസെടുക്കാം എന്നും നിയമോപദേശം നൽകി.

ഇതിന്റെ അടിസ്ഥാനത്തിലാണ് ഡിജിപി കേസെടുക്കാനായി നിർദ്ദേശം നൽകിയത്. ഇതേതുടർന്നാണ് മ്യൂസിയം പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. കന്റോൺമെന്‍റ് അസിസ്റ്റന്റ് കമ്മീഷണർ കെ ഇ ബൈജുവായിരിക്കും അന്വേഷണചുമതല വഹിക്കുക. നേരത്തെ മതസ്പർദ്ധ വളർത്തുന്ന പരാമർശം നടത്തിയ കേസിൽ ജാമ്യത്തിലാണ് സെൻകുമാർ.