പാലക്കാട്: വാളയാറില്‍ എട്ടാംക്ലാസ് വിദ്യാര്‍ത്ഥിനി പീഢനത്തിനിരയായി. പെണ്‍കുട്ടിയെ പീഡിപ്പിച്ച അയല്‍വാസികളായ അഞ്ചു പേരെ വാളയാര്‍ പോലീസ് പിടികൂടി. ഈ വര്‍ഷം ഇതുവരെ വാളയാറില്‍ മാത്രം ആറ് പെണ്‍കുട്ടികളാണ് പീഡിപ്പിക്കപ്പെട്ടത്.
ദുരൂഹ സാഹചര്യത്തില്‍ തൂങ്ങി മരിച്ച നിലയില്‍ സഹോദരിമാരെ കണ്ടതിന്റെ ഞെട്ടലില്‍ നിന്ന് വാളയാര്‍ മുക്തമായിട്ടില്ല. അതിന് പിന്നാലെയാണ് മറ്റൊരു പീഡന വിവരം കൂടി പുറത്തുവന്നിരിക്കുന്നത്. എട്ടാം ക്ലാസുകാരിയായ പെണ്‍കുട്ടി സ്‌കൂളിലെ കൗണ്‍സിങ്ങിനിടയിലാണ് പീഢന വിവരം പോലീസ് അറിയുന്നത്. കഴിഞ്ഞ മധ്യ വേനലവധിക്കാലത്ത് വിവിധ ഇടങ്ങളില്‍ വച്ച് അയല്‍വാസികളായ അഞ്ച് പേര്‍ പീഢിപ്പിച്ചെന്നാണ് പെണ്‍കുട്ടിയുടെ മൊഴി.
പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അഞ്ച് പേരെ പോലീസ് പിടികൂടിയത്. പെണ്‍കുട്ടിയുടെ അയല്‍വാസികളായ ഹൃദയ സ്വാമി, കുമാരന്‍, അബ്ദുള്‍ റഹ്മാന്‍, രവി ചന്ദ്രന്‍, ശിവനുണ്ണി എന്നിവരാണ് പിടിയിലായത്. ഇവരുടെ അറസ്റ്റ് ഉടന്‍ രേഖപ്പെുത്തും. പെണ്‍കുട്ടിയെ വൈദ്യ പരിശോധനക്ക് വിധേയയാക്കി.
സംഭവത്തില്‍ പോക്‌സോ നിയമപ്രകാരം അഞ്ച് കേസുകളാണ് പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. വാളയാറില്‍ മാത്രം കഴിഞ്ഞ ഏഴ് മാസത്തിനിടയില്‍ ആറ് പെണ്‍കുട്ടികള്‍ പീഢനത്തിനിരയായെന്ന കണക്ക് ഏറെ ഞെട്ടിപ്പിക്കുന്നതാണ്. ഇതില്‍ ആത്മഹത്യ ചെയ്തനിലയില്‍ കണ്ട സഹോദരിമാരടക്കം 5 പേര്‍ പ്രായപൂര്‍ത്തിയാവാത്തവരായിരുന്നു.
