ഉറുമ്പുകളുടെ ജീവന് എത്ര പേര്‍ വില കല്‍പ്പിക്കാറുണ്ട്? സിംഗപ്പൂരിലെ ഒരു ടാക്‌സി ഡ്രൈവര്‍ക്ക് ഉറുമ്പുകള്‍ സ്വന്തം വീട്ടിലെ അംഗങ്ങളാണ്.

ക്രിസ് ചാന്‍.. സിംഗപ്പൂരിലെ ഉറുമ്പ് മനുഷ്യന്‍. നാം നിസ്സാരക്കാരെന്ന് കരുതുന്ന ഒരു ജീവവര്‍ഗ്ഗത്തിന്റെ സംരക്ഷകന്‍.ഉറുമ്പുകള്‍ക്ക് അനുയോജ്യമായ ആവാസവ്യവസ്ഥ സ്വന്തം വീട്ടില്‍ തന്നെ ഒരുക്കുകയാണ് 29കാരന്‍. എട്ട് വ്യത്യസ്ത ഇനത്തില്‍പ്പെട്ട നൂറോളം ഉറുമ്പുകളുണ്ട് ചാനിന് കൂട്ടുകാരായി. ഇവയ്‌ക്ക് കഴിയാന്‍ പത്തോളം കുഞ്ഞു ഫാമുകളും. ഉറുമ്പുകളെ ശേഖരിച്ച് കൂട്ടിലേക്ക് മാറ്റി അവയെ സ്വന്തം കുടുംബാംഗത്തെ പോലെ പോറ്റുന്നു. ഉറുമ്പുകളുടെ മുട്ട പോലും ഭദ്രമായി സൂക്ഷിച്ച് വിരിയും വരെ ചാന്‍ കാത്തിരിക്കും. നല്ല ഭക്ഷണവും പരിചരണവും നല്‍കി ചാനിന്റെ വീട്ടുകാരും ഒപ്പമുണ്ട്. ഉറുമ്പുകളെ കുറിച്ചുള്ള സമൂഹത്തിന്റെ കാഴ്ചപ്പാട് മാറണമെന്ന് ചാന്‍ ആഗ്രഹിക്കുന്നു.

കുട്ടിക്കാലത്തേ തുടങ്ങിയതാണ് ചാനിന്റെ ഉറുമ്പു പ്രേമം. ഒരു വര്‍ഷം മുന്‍പ് ഫേസ്ബുക്കില്‍ സമാനമനസ്കരുമായി ചേര്‍ന്ന് ഒരു കൂട്ടായ്മ ഉണ്ടാക്കി. 300 അംഗങ്ങളുണ്ട് ഉറുമ്പ് ക്ലബില്‍. ഒരു യുട്യൂബ് ചാനലും തുടങ്ങി. ഉറുമ്പുകളെ കുറിച്ചുള്ള എന്ത് സംശയവും ചാന്‍ തീ‍ര്‍ത്തുതരും. വിചിത്രമായ വിനോദത്തെ കുറിച്ച് ചോദിക്കുന്നവരോടൊക്കെ യുവാവിന് പറയാനുള്ളത് ഒരു കാര്യം. എല്ലാവരും ഭൂമിയുടെ അവകാശികളാണ്.