ഖത്തറില്‍ സ്വകാര്യ ക്ലിനിക്കുകള്‍ രോഗികള്‍ക്ക് അനാവശ്യമായി ആന്‍റിബയോട്ടിക്കുകള്‍ നല്‍കുന്നതായി റിപ്പോര്‍ട്ട്. ഹമദ് മെഡിക്കല്‍ കോര്‍പറേഷനിലെ വിദഗ്ധ സംഘം നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്.
2014 മെയ് മുതല്‍ 2015 ഡിസംബര്‍ വരെയുള്ള കാലയളവില്‍ രാജ്യത്തെ സ്വകാര്യ ക്ലിനിക്കുകളില്‍ നിന്ന് നിര്‍ദേശിച്ച മരുന്ന് കുറിപ്പടികളെ അടിസ്ഥാനമാക്കി നടത്തിയ പഠനത്തിലാണ് ആന്‍റി ബയോട്ടിക്കുകളുടെ അമിതമായ ഉപയോഗം കണ്ടെത്തിയത്. ഈ കാലയളവിലുള്ള എഴുപത്തി അയ്യായിരം ആരോഗ്യ ഇന്‍ഷുറന്‍സ് ക്ലെയിമുകളെ അടിസ്ഥാനമാക്കിയാണ് പഠനം നടത്തിയത്. രോഗികള്‍ക്ക് കുറിച്ചു നല്‍കുന്ന ആന്റി ബയോട്ടിക്കുകളില്‍ പകുതിയും അനാവശ്യമാണെന്നും മരുന്ന് വ്യാപാര മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനാണു സ്വകാര്യ ക്ലിനിക്കുകള്‍ അനാവശ്യമായ മരുന്നുകള്‍ നിര്‍ദേശിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു. നാല്‍പ്പത്തിയഞ്ച് ശതമാനത്തിലധികം ആന്‍റി ബയോട്ടിക്കുകളും അതിന്റെ യഥാര്‍ത്ഥ ഉപയോഗത്തിനല്ല ഉപയോഗിക്കുന്നതെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ കൂടി റിപ്പോര്‍ട്ടിലുണ്ട്. ചെറിയ അസുഖങ്ങള്‍ക്ക് പോലും വീര്യം കൂടിയ ആന്റി ബയോട്ടിക്കുകള്‍ നിര്‍ദേശിക്കുന്നത് ശരീരത്തിന്റെ രോഗ പ്രതിരോധ ശേഷിയെ പ്രതികൂലമായി ബാധിക്കുമെന്നും ആരോഗ്യ മേഖലയ്‌ക്ക് മൊത്തത്തില്‍ ഇത് ദോഷം ചെയ്യുമെന്നും പഠനത്തിന് നേതൃത്വം നല്‍കിയ പ്രൊഫസര്‍ ആദീല്‍ അജ്വദ് ഭട്ട് അഭിപ്രായപ്പെട്ടു. ഹമദ് മെഡിക്കല്‍ കോര്‍പറേഷനിലെ വിദഗ്ധ ഡോക്ടര്‍മാര്‍ക്ക് പുറമെ ഗവേഷകരും ആരോഗ്യ മന്ത്രാലയം,ഖത്തര്‍ യൂണിവേഴ്‌സിറ്റി എന്നിവരും ഗവേഷണത്തില്‍ പങ്കാളികളായി.
