അഹമ്മദാബാദ്: ഗുജറാത്തിൽ പ്രചരിച്ച മുസ്ലീം വിരുദ്ധഹ്രസ്വചിത്രം നിരോധിക്കണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് മനുഷ്യാവകാശ പ്രവർത്തകരുടെ പരാതി. ബാങ്ക് വിളിയുടെ പശ്ചാത്തലത്തിൽ സന്ധ്യാ സമയത്ത് ഒറ്റയ്ക്ക് ഭീതിയോടെ തെരുവിലൂടെ ഓടുന്ന പെൺകുട്ടിയെയാണ് വീഡിയോയിൽ കാണിക്കുന്നത്.
വീട്ടിൽ ആശങ്കാകുലരായി നിൽകുന്ന മാതാപിതാക്കളെയും കാണാം. പെൺകുട്ടി സുരക്ഷിതയായി വീട്ടിലെത്തുമ്പോൾ മോദിയുണ്ടെങ്കിൽ ഗുജറാത്ത് സുരക്ഷിതമാണെന്നും ഹ്വസ്വചിത്രം പറയുന്നു. വീഡിയോ നിർമിച്ചത് തങ്ങളെല്ലെന്നാണ് ബിജെപി നിലപാട്. മുസ്ലീംകൾക്കെതിരെ വിദ്വേഷം പരത്തുന്ന വീഡിയോ തടയണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവർത്തകർ തെരഞ്ഞെടുപ്പ് കമ്മീഷനും പൊലീസിനും പരാതി നൽകി.
ഇതിനിടെ സംവരണം സംബന്ധിച്ച അഭിപ്രായ ഭിന്നതകൾ ഇന്ന് അർദ്ധരാത്രിക്കുള്ളിൽ പരിഹരിച്ചില്ലെങ്കിൽ കോൺഗ്രസിനെ പിന്തുണയ്ക്കില്ലെന്ന് പട്ടേൽ വിഭാഗം വ്യക്തമാക്കി. സംവരണ വിഷയത്തിലാണ് അഭിപ്രായ ഭിന്നതയെന്ന് പട്ടേൽ വിഭാഗം പുറത്തുപറയുന്നതെങ്കിലും സീറ്റ് പങ്കിടൽ സംബന്ധിച്ചാണ് യഥാർത്ഥ തർക്കമെന്നറിയുന്നു.
30സീറ്റാണ് ഹാർദിക് വിഭാഗം ചോദിച്ചത്. എന്നാൽ ഇത്രയും സീറ്റ് നൽകാൻ കോൺഗ്രസ് തയ്യാറല്ല. അൽപേഷിന്റെ ഒബിസി വിഭാഗവും ഛോട്ടു വസവയുടെ ജെഡിയുവുമെല്ലാം കൂടുതൽ സീറ്റ് ആവശ്യപ്പെടുന്നത് കോൺഗ്രസിന് തലവേദയുണ്ടാക്കുന്നു. കോൺഗ്രസിൽ ചേർന്ന അൽപേഷ് ഠാക്കൂർ പാർട്ടി നല്ല ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്ന പ്രതീക്ഷയിലാണ്.
