ട്രാന്‍സ്‌ഫോര്‍മറിലെ ഫ്യൂസുകള്‍ നശിപ്പിച്ചു

ആലപ്പുഴ: ഹരിപ്പാട് മുതുകളം തെക്ക് ഉല്ലാസ(പൂയംപളളില്‍)ത്തില്‍ ഉണ്ണികൃഷ്ണന്റെ വീടിനുനേരെ സാമൂഹ്യ വിരുദ്ധരുടെ ആക്രമണം വെളളിയാഴ്ച പുലർച്ചെ ആക്രമണമുണ്ടായത്. ഫ്യൂസുകള്‍ തകര്‍ത്ത് വൈദ്യുതിബന്ധം വിച്ഛേദിച്ചതിനുശേഷമാണ് ആക്രമണം നടത്തിയത്. വീട്ടില്‍ അതിക്രമിച്ച് കയറിയ അക്രമികള്‍ വീടിന്‍റെ പിറകുവശത്തെ ജനല്‍പാളികള്‍ തല്ലിപ്പൊളിച്ചു. വീട്ടുകാരും സമീപവാസികളും ഉണര്‍ന്നെപ്പോഴേക്കും എത്തിയവര്‍ ഓടി രക്ഷപ്പെട്ടു. 

വീട്ടുകാര്‍ക്ക് നേരെ കല്ലുകള്‍ എറിഞ്ഞശേഷമാണ് ഓടിയത്. ഇരുട്ടായതിനാല്‍ ആരെയും കാണാന്‍ കഴിഞ്ഞില്ല. നാലിലധികം ആള്‍ക്കാര്‍ അക്രമിസംഘത്തില്‍ ഉണ്ടായിരുന്നതായി ഉണ്ണികൃഷ്ണന്‍ പറഞ്ഞു. വീടിന്റെ പിന്നിലെ മതില്‍ ചാടിക്കടന്നാണ് എത്തിയതെന്ന് കരുതുന്നു. അടിച്ചുടക്കാനുപയോഗിച്ച വടി ഉപേക്ഷിച്ചാണ് അക്രമികള്‍ കടന്നത്. പ്രദേശത്ത് വൈദ്യുതി വിതരണം നടത്തുന്ന കരുണാമുറ്റം ട്രാന്‍സ്‌ഫോര്‍മറിലെ ഫ്യൂസുകള്‍ നശിപ്പിച്ചതിന് ശേഷമാണ് എത്തിയത്. 

മുതുകുളത്ത് ഇത്തരത്തിലുളള ആക്രമണം നിരവധിയുണ്ടാകുന്നുണ്ട്. അടുത്തിടെ കരുണാമുറ്റം ക്ഷേത്രത്തിന് സമീപം തനിച്ച് താമസിച്ചുവന്നിരുന്ന സ്ത്രീയുടെ വീടിനുനേരെയും ആക്രമണം നടത്തിയിരുന്നു. കഴിഞ്ഞദിവസം രാത്രി പുതിയവിള അമ്പലമുക്കിലെ ട്രാന്‍സ്‌ഫോര്‍മറിലെ ഫ്യൂസുകളും സമൂഹവിരുദ്ധര്‍ വലിച്ചൂരി നിലത്തിട്ടിരുന്നു.