റോഡരികിലെ വഴിവിളക്കുകള്‍ തകര്‍ത്ത സംഭവം നാല് പേര്‍ അറസ്റ്റില്‍

ആലപ്പുഴ: ചേര്‍ത്തലയില്‍ റോഡരികിലെ വഴിവിളക്കുകള്‍ തകര്‍ത്ത സംഭവത്തില്‍ 17 കാരനടക്കം നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ചേര്‍ത്തല തെക്ക് പഞ്ചായത്ത് 20ാം കടവുങ്കല്‍ വിട്ടില്‍ മാര്‍ട്ടിന്‍ (24), പതിനെട്ടാം വാര്‍ഡില്‍ കൂവക്കാട്ട് വീട്ടില്‍ സച്ചു (18), പതിനേഴാം വാര്‍ഡില്‍ കുരിശിങ്കല്‍ യേശുദാസ് (18) എന്നിവരെയും പ്രായപൂര്‍ത്തിയാകാത്ത ഒരാളെയുമാണ് ഡിവൈ.എസ്.പി എ.ജി ലാലിന്റെ നിര്‍ദ്ദേശ പ്രകാരം അര്‍ത്തുങ്കല്‍ എസ്.ഐ ജിജിന്‍ ജോസഫിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. 

ചേര്‍ത്തല തെക്ക് പഞ്ചായത്തിലെ അര്‍ത്തുങ്കല്‍ ഐ.ടി.സി മുതല്‍ കളരിക്കല്‍ കവല വരെയുള്ള റോഡിലെ വഴിവിളക്കുകളാണ് കഴിഞ്ഞ 14 ന് രാത്രി തകര്‍ത്തത്. മദ്യലഹരിയില്‍ എട്ട് പോസ്റ്റുകളിലെ ലൈറ്റുകളും ഹൈമാസ്‌ക് ലൈറ്റിന്റെ സ്വിച്ച് ബോര്‍ഡുകളും ഇവര്‍ നശിപ്പിച്ചതായി പോലീസ് പറഞ്ഞു. പഞ്ചായത്ത് സെക്രട്ടറിയുടെ പരാതിയില്‍ പൊതുമുതല്‍ നശിപ്പിക്കല്‍ തടല്‍ നിയമ പ്രകാരമാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തതെന്നും പ്രായപൂര്‍ത്തിയാകാത്തയാളുടെ വിവരങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചതായും കോടതിയില്‍ ഹാജരാക്കിയ മറ്റ് മൂന്ന് പ്രതികളെ റിമാന്റ് ചെയ്തതായും പോലീസ് പറഞ്ഞു.