സ്വന്തം കുഞ്ഞിനെ കൊന്ന അമ്മയായി വിധിക്കരുതെന്ന് ആറ്റിങ്ങല്‍ ഇരട്ട കൊലപാതകത്തിലെ പ്രതി അനുശാന്തി. കേസില്‍ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയ ശേഷം ശിക്ഷാ വിധിയിന്മേലുള്ള വാദത്തിനിടെ മകളെ കൊല്ലാന്‍ പറഞ്ഞ അമ്മയാണല്ലേയെന്ന് ചോദിച്ചപ്പോഴാണ് വിതുമ്പിക്കൊണ്ട് അനുശാന്തി ഇങ്ങനെ പറഞ്ഞത്. താന്‍ ആരെയും ഉപദ്രവിക്കാനോ കൊല്ലാനോ പറഞ്ഞിട്ടില്ല. തന്നെ അങ്ങനെ ചിത്രീകരിക്കരുതെന്നും കോടതിയോട് പറഞ്ഞു. കാഴ്ച കുറയുന്ന അസുഖം അനുശാന്തിക്കുണ്ടെന്നും അതിനാല്‍ ശിക്ഷയില്‍ ഇളവ് നല്‍കണമെന്നും അനുശാന്തിയുടെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.

തനിക്ക് വയസായ മാതാപിതാക്കളും ഒരു മകളുമുണ്ടെന്നായിരുന്നു പ്രതി നിനോ മാത്യു കോടതിയില്‍ പറഞ്ഞത്. മകളെ കണ്ടിട്ട് രണ്ട് വര്‍ഷമായി. തന്റെ ഭാര്യയെ വിസ്തരിക്കണമെന്ന നിനോ മാത്യുവിന്റെ ആവശ്യം കോടതി തള്ളി. കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണെന്നും സ്വന്തം സുഖത്തിനായി നിരപരാധികളായ രണ്ട് പേരുടെ ജീവനെടുത്ത പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. പ്രതികള്‍ തമ്മില്‍ അവിഹിത ബന്ധമുണ്ടായിരുന്നെന്നും ഇതിന് അനുശാന്തിയും ഭര്‍ത്താവും തടസ്സമാവാതിരിക്കാനാണ് കൊലപ്പെടുത്തിയതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. വാട്സ്‍ആപ് വഴി കൈമാറിയ ചില ദൃശ്യങ്ങളാണ് ഇതിന് തെളിവായി സമര്‍പ്പിച്ചത്. കേസില്‍ തിങ്കളാഴ്ചാണ് ശിക്ഷ വിധിക്കുന്നത്.