ലൈംഗികപീഡനപരാതിയിൽ സിപിഎം സസ്പെൻഡ് ചെയ്ത പി.കെ.ശശി ഏഷ്യാനെറ്റ് ന്യൂസിനോട്

തിരുവനന്തപുരം: പാർട്ടി തന്‍റെ ജീവനാണെന്നും തനിയ്ക്കെതിരെ എന്ത് നടപടിയെടുത്താലും അംഗീകരിക്കുമെന്നും പി.കെ.ശശി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. നടപടിയെക്കുറിച്ച് കൂടുതൽ ചോദ്യങ്ങൾക്ക് മറുപടി പറയാൻ പി.കെ.ശശി തയ്യാറായില്ല.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പാർട്ടി നടപടി ചോദ്യം ചെയ്യാതെ അംഗീകരിക്കുമെന്ന് നേരത്തേയും പി.കെ.ശശി വ്യക്തമാക്കിയിരുന്നതാണ്. പരാതി നിലനിൽക്കെത്തന്നെ പി.കെ.ശശി പാർട്ടി ജാഥാ ക്യാപ്റ്റനായതിനെതിരെ പാർട്ടിയ്ക്കുള്ളിൽത്തന്നെ കടുത്ത അമർഷമാണ് ഉയർന്നിരുന്നത്.

ലൈംഗികപീഡനപരാതിയിൽ ഷൊർണൂർ എംഎൽഎ പി.കെ.ശശിയെ സിപിഎം ആറ് മാസത്തേയ്ക്ക് പ്രാഥമികാംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തു. സിപിഎം സംസ്ഥാനസെക്രട്ടേറിയറ്റും സംസ്ഥാനസമിതിയുമാണ് തീരുമാനമെടുത്തത്. ഡിവൈഎഫ്ഐ വനിതാനേതാവാണ് പി.കെ.ശശിയ്ക്കെതിരെ പീഡനപരാതി നേരിട്ട് കേന്ദ്രനേതൃത്വത്തിന് നൽകിയത്. 

ശശി സംസ്ഥാനസമിതിയ്ക്ക് നൽകിയ വിശദീകരണം കൂടി പരിശോധിച്ച ശേഷമാണ് നടപടിയിൽ തീരുമാനമായത്. ശശിയ്ക്കെതിരെ കടുത്ത നടപടിയുണ്ടാകില്ലെന്ന സൂചനയാണ് ആദ്യം ഉണ്ടായിരുന്നത്. നടപടി തരംതാഴ്ത്തലിൽ ഒതുങ്ങുമെന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാൽ നാളെ നിയമസഭാ സമ്മേളനം തുടങ്ങാനിരിയ്ക്കുന്ന സാഹചര്യത്തിൽ പാർട്ടി പ്രതിരോധത്തിലാകും എന്ന മുൻകരുതലിലാണ് കടുത്ത നടപടി സ്വീകരിച്ചത്.