ആന്ധ്രാപ്രദേശ്: മുന്‍ ബിഎസ്എഫ് ജവാന്‍ നിര്‍ന്ധിതമായി തടവില്‍ പാര്‍പ്പിച്ച 13കാരിക്കൊപ്പമുള്ള ഫോട്ടോ ഔദ്യോഗിക പേജിലൂടെ പ്രചരിപ്പിച്ച ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു വിവാദത്തില്‍. നാഗേശ്വര്‍ റാവു എന്ന ബിഎസ്എഫ് ജവാന്‍ താന്‍ വിവാഹം കഴിച്ചതാണെന്ന പേരില്‍ 13 വയസ്സുകാരിയെ കാശ്മീരില്‍ 45 ദിവസം തടവില്‍ പാര്‍പ്പിച്ച് പീഡിപ്പിക്കുകയായിരുന്നു. 45 ദിവസങ്ങള്‍ക്ക് ശേഷം ഗുണ്ടൂര്‍ പോലീസിന്‍റെ നേതൃത്വത്തിലാണ് കുട്ടിയെ മോചിപ്പിച്ചത്. 

നാട്ടില്‍ തിരിച്ചെത്തിയ ശേഷം മുഖ്യമന്ത്രിയും വനിത കമ്മീഷന്‍ ചെയര്‍ പേഴ്‌സണ്‍ രാജകുമാരിയും പെണ്‍കുട്ടിയും കുടുംബവുമായി കൂടികാഴ്ച നടത്തിയിരുന്നു. ഇതിനു ശേഷമാണ് പെണ്‍കുട്ടിയുമൊത്തുള്ള ഫോട്ടോ മുഖ്യമന്ത്രിയുടെ ഔദ്യോഗിക പേജിലൂടെ പ്രചരിച്ചത്. സംഭവത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്ത ഇരയുടെ ചിത്രം പ്രചരിപ്പിച്ച മുഖ്യമന്ത്രിക്കെതിരെ സാമൂഹ്യ സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. പോക്‌സോ, നിര്‍ഭയ നിയമപ്രകാരം കുട്ടിയെ കടത്തിക്കൊണ്ടു പോയ ബിഎസ്എഫ് ജവാന്‍ നാഗേശ്വര്‍ റാവുവിനെതിരെ കേസ് എടുത്തു.