മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പില്‍ പരമാവധി മണ്ഡലങ്ങളില്‍ ഇടത് മുന്നണിയെ തുണക്കാന്‍ എ പി സുന്നികള്‍ക്ക് കാന്തപുരത്തിന്‍റെ നിര്‍ദ്ദേശം. ബഹുജനസംഘടനയായ കേരളാമുസ്ലീം ജമാ അത്ത് വഴി നിര്‍ദ്ദേശം കീഴ്ഘടകങ്ങള്‍ക്ക് നല്‍കി കഴിഞ്ഞു. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന വനിതകള്‍ക്ക് പിന്തുണ നല്‍കേണ്ടെന്നും തീരുമാനിച്ചതായാണ് വിവരം.

ലീഗിനെ എതിര്‍ക്കുമ്പോഴും പലയിടങ്ങളിലും കോണ്‍ഗ്രസിന് അനുകൂലമായ നിലപാടാണ് കാന്തപുരവും കൂട്ടരും സ്വീകരിച്ചിരുന്നത്. എന്നാല്‍ ഇക്കുറി പരമാവധി മണ്ഡലങ്ങളില്‍ ഇടത് മുന്നണിയെ പിന്തുണക്കാനാണ് നിര്ഡദ്ദേശം . വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കുന്നതില്‍ വരെ എ പി വിഭാഗം രംഗത്തിറങ്ങിയിരുന്നു.തിരുകേശ വിവാദത്തിലടക്കം സിപിഎമ്മിനോടുള്ള പിണക്കം കാന്തപുരത്തിന് മാറിയെന്നാണ് സൂചന.എംഎല്‍എമാരായ കെ ടി ജലീലിന്‍റെയും പി.ടി.എ. റഹീമിന്‍റെയും മധ്യസ്ഥ ചര്‍ച്ചകളിലൂടെ അസ്വാരസ്യം പൂര്‍ണ്ണമായും മാറിയെന്ന് കാന്തപുരത്തിനോട് അടുത്ത വൃത്തങ്ങള്‍ സൂചന നല്‍കുന്നു.തെരഞ്ഞെടുപ്പില്‍ വ്യക്തമായ നിലപാടുണ്ടെന്ന് കഴി‍ഞ്ഞ ദിവസം മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്കുശേഷം കാന്തപുരം പ്രതികരിച്ചത്.

ഇതിനിടെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന വനിതകളെ പിന്തുണക്കേണ്ടതില്ലെന്ന നിലപാടും ഇവര്‍ സ്വീകരിച്ചിട്ടുണ്ടെന്നാണ് സൂചന. വനിതാ സ്ഥാനാര്‍ത്ഥി ഇടത്മുന്നണിയുടേതാണെങ്കില്‍ പോലും അവിടെ സ്വീകരിക്കേണ്ട നിലപാട് സംബന്ധിച്ച നിര്‍ദ്ദേശം പിന്നീട് നല്‍കും. സ്ത്രീകള്‍ തെര‍ഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെ അംഗീകരിക്കാനാവില്ലെന്നാണ് പ്രഖ്യാപിത നിലപാട് അതേസമയം കാന്തപുരത്തിന്‍റെ പിന്തുണ ഉറപ്പിക്കാന്‍ യുഡിഎഫ് നേതൃത്വവും കിണഞ്ഞ് പരിശ്രമിക്കുന്നുണ്ട്. ഇതിന്‍റെ ഭാഗമായാണ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം കാന്തപുരത്തെ കാണാനെത്തിയത്.