ദില്ലി: രാജ്യത്ത് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിക്കാന്‍ പാടില്ലെന്ന് സുപ്രീം കോടതി. "എല്ലാവര്‍ക്കും ഒരു ജീവിതമേ ഉള്ളു അതുകൊണ്ട് ഇരട്ട ജീവപര്യന്തം ശിക്ഷ ആര്‍ക്കും അനുഭവിക്കാനാകില്ലെന്ന് സുപ്രീംകോടതി ഭരണഘടന ബെഞ്ച് ചൂണ്ടിക്കാട്ടി. ചീഫ് ജസ്റ്റിസ് ടി എസ് താക്കൂര്‍ അധ്യക്ഷനായ ബെഞ്ചിന്‍റെതാണ് വിധി.

എന്നാല്‍ കുറ്റത്തിന്‍റെ ഗൗരവം പരിഗണിച്ച് ആദ്യം ഒരു നിശ്ചിത കാലത്തേക്ക് തടവും പിന്നീട് ജീവപര്യന്തവും വിധിക്കാം. മറിച്ച് വിധിക്കാനാകില്ല. അതായത് ആദ്യം ജീവപര്യന്തവും പിന്നെ നിശ്ചിതകാലം തടവും എന്ന രീതി പാടില്ല. 

എട്ടുപേര്‍ കൊല്ലപ്പെട്ട തമിഴ്നാട്ടില്‍ നിന്നുള്ള ഒരു കേസില്‍ പ്രതികള്‍ക്ക് എട്ട് ജീവപര്യന്തം ശിക്ഷ വിധിച്ചതിനെതിരെയായിരുന്നു ഹര്‍ജി. ജീവപര്യന്തം എന്നാല്‍ ജീവിതകാലം മുഴുവന്‍ എന്നുതന്നെയാണ് അര്‍ത്ഥമെന്ന്‍ കോടതി മുമ്പ് പലവട്ടം വ്യക്തമാക്കിയിട്ടുണ്ട്.