പത്തനംതിട്ട: ആറന്‍മുള വിമാനത്താവള പദ്ധതി പ്രദേശം ഇനി സര്‍ക്കാര്‍ മിച്ചഭൂമി. 293. 30 ഏക്കര്‍ സ്ഥലം ഏറ്റെടുത്തുകൊണ്ട് ലാന്‍ഡ് ബോര്‍ഡ് ഉത്തരവിറക്കി. കെ ജി എസ് ഗ്രൂപ്പിന് ഭൂമി കൈമാറിയ എബ്രഹാം കലമണ്ണിലിന്‍റെ വാദങ്ങള്‍ തള്ളിക്കൊണ്ടാണ് കോഴഞ്ചേരി താലൂക്ക് ലാന്‍ഡ് ബോര്‍ഡിന്റെ ഉത്തരവ്.

കോഴ‍ഞ്ചേരി താലൂക്ക് എജ്യുക്കേഷണല്‍ സൊസൈറ്റി, ചാരിറ്റബിള്‍ എജ്യുക്കേഷണല്‍ ആന്‍ഡ് വെല്‍ഫെയര്‍ സൊസൈറ്റി എന്നിവയുടെ ചെയര്‍മാനായ എബ്രഹാം കലമണ്ണില്‍ കെ ജി എസ് ഗ്രൂപ്പുമായി നടത്തിയ ഭൂമി കൈമാറ്റമാണ് റദ്ദാക്കപ്പെട്ടത്. കോഴ‍ഞ്ചേരി, അടൂര്‍, ആലത്തൂര്‍ താലൂക്കുകളിലായുള്ള 293.30 ഏക്കര്‍ സ്ഥലം ഇനി ലാന്‍ഡ് ബാങ്കിലേക്ക് എത്തും. ഏഴ് ദിവസത്തിനുള്ളില്‍ ഈ സ്ഥലം മിച്ചഭൂമിയായി സര്‍ക്കാരിലേക്ക് നിക്ഷിപ്തമാക്കുമെന്ന് കോഴഞ്ചേരി താലൂക്ക് ലാന്‍ഡ് ബോര്‍ഡ് ചെയര്‍മാനും പത്തനംതിട്ട എ ഡി എമ്മുമായ അനു എസ് നായരുടെ ഉത്തരവില്‍ വ്യക്തമാക്കുന്നു.

നിയമാനുസൃതം 12.14 ഹെക്ടര്‍ സ്ഥലത്തിന് എബ്രഹാം കലമണ്ണിലിന് ഇളവ് ലഭിക്കും. ആറന്‍മുള വിമാനത്താവളവുമായി ബന്ധപ്പെട്ട നടപടികള്‍ തുടരേണ്ടതില്ലെന്ന സര്‍ക്കാര്‍ തീരുമാനം കൂടി പരിഗണിച്ചാണ് കെജിഎസ് ഗ്രൂപ്പുമായുള്ള ഭൂമി കൈമാറ്റം റദ്ദ് ചെയ്യുന്നതിനുള്ള തീരുമാനം. ഭൂമിയുടെ ഉടമസ്ഥാവകാശം വ്യത്യസ്ത സൊസൈറ്റികള്‍ക്കാണെങ്കിലും ഇവയിലെ അംഗങ്ങള്‍ എബ്രഹാം കലമണ്ണിന്റെ കുടുംബാംഗങ്ങളാണെന്ന് ലാന്‍ഡ് ബോര്‍ഡ് കണ്ടെത്തി.

വ്യത്യസ്ത സൊസൈറ്റികളുടെ പേരില്‍ മിച്ചഭൂമി കേസ് എടുക്കാനാവില്ലെന്ന എതിര്‍വാദം തള്ളിക്കൊണ്ടാണ് ലാന്‍ഡ് ബോര്‍ഡിന്റെ നടപടി. 2012ല്‍ സമാനമായി ലാന്‍ഡ് ബോര്‍ഡ് വിധി പുറപ്പെടുവിച്ചിരുന്നെങ്കിലും എബ്രഹാം കലമണ്ണിലും കെ ജി എസ് ഗ്രൂപ്പും ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി നിര്‍ദ്ദേശാനുസരണം എതിര്‍ കക്ഷികളുടെ വാദം കേട്ടശേഷമാണ് പുതിയ ഉത്തരവ്