പത്തനംതിട്ട: ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തിലെ വഴിപാട് വള്ള സദ്യക്ക് തുടക്കമായി. ആദ്യദിനം ഏഴ്‌പള്ളിയോട കരകളില്‍ നിന്നുള്ളവരാണ് വള്ളസദ്യയില്‍ പങ്കെടുക്കാന്‍ ക്ഷേത്രത്തില്‍ എത്തിയത്.

ഭഗവല്‍സാനിധ്യം ഉള്ള പള്ളിയോടങ്ങളില്‍ എത്തുന്ന കരകാര്‍ക്ക് ആറന്മുള പാര്‍ത്ഥസാരഥിയുടെ ഇഷ്ടവിഭവങ്ങളുള്ള സദ്യ നല്‍കുന്നത് ഐശ്വര്യത്തിനും സമ്പല്‍സമൃദ്ധിക്കും വഴിവക്കുമെന്നാണ് വിശ്വാസം. നേര്‍ച്ചക്കാര്‍ കരകളില്‍ എത്തി കരനാഥന്മാര്‍ക്ക് ദക്ഷിണ നല്‍കുന്നതോടെയാണ് വള്ളസദ്യയുടെ ചടങ്ങുകള്‍ തുടങ്ങിയത്. പള്ളിയോടങ്ങളില്‍ എത്തിയ കരക്കാരെ ആചാരപ്രകാരം സ്വികരിച്ചു പിന്നിട് ക്ഷേത്രം വലംവച്ച് കൊടിമരച്ചുവട്ടില്‍ എത്തിയതോടെ കൃഷ്ണ ഭക്തി നിറഞ്ഞ്‌ നില്‍ക്കുന്ന വഞ്ചിപ്പാട്ടിന്റെ അകമ്പടിയോടെ തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ നെയ്യ് വിളക്ക് കത്തിച്ച് വിഭവങ്ങള്‍ ഒരോന്നായി വാഴയിലയില്‍ വിളമ്പിയതോടെ വള്ളസദ്യക്ക് തുടക്കമായി.

പിന്നിട് ആചാരപ്രകാരം കരനാഥന്മാരും സംഘവും ഊട്ട്പുരയിലെത്തി വഴിപാട് വള്ളസദ്യ സ്വീകരിച്ചു. ഭഗവാന്റെ ഇഷ്ട വിഭവങ്ങള്‍ ശ്ലോകത്തിലൂടെ ചോദിച്ച് വാങ്ങുന്നതാണ് വള്ളസദ്യയുടെ മറ്റൊരു പ്രേത്യകത. നേര്‍ച്ചക്കാര്‍ പള്ളിയോടങ്ങളില്‍ എത്തുന്ന കരകാര്‍ക്ക് വിഭവങ്ങള്‍ വിളമ്പുകയാണ് പതിവ്.

പതിനഞ്ച് പള്ളിയോടങ്ങള്‍ക്ക് വരെ സദ്യ നല്‍കുന്നതിന് ആവശ്യമായ സൗകര്യങ്ങള്‍ ക്ഷേത്രമതിലകത്തും പുറത്തുമായി പള്ളിയോടസേവാസംഘം ഒരുക്കിയിടുണ്ട്.