ആ ആറു മാസ കാലയളവിന് ശേഷം അയാളെ പുറത്താക്കുന്ന നടപടിയുണ്ടാകും എന്നാണ് എന്നെ വിശ്വസിപ്പിച്ചത്. അയാൾ പക്ഷെ സജീവമായി പിന്നീടും തൊഴിലെടുക്കുകയുണ്ടായി

കൊച്ചി: ഡബ്ള്യൂ.സി.സി അംഗങ്ങള്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിനിടെ മമ്മൂട്ടിയുടെ പുള്ളിക്കാരാന്‍ സ്റ്റാറാ എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് ലൊക്കേഷനില്‍ വച്ച് പ്രൊഡക്ഷന്‍ കണ്‍ട്രോളറില്‍ നിന്നും തനിക്ക് ദുരനുഭവം ഉണ്ടായെന്ന് വെളിപ്പെടുത്തല്‍ നടത്തിയ നടി അര്‍ച്ചന പത്മിനി കൂടുതല്‍ വിശദാശങ്ങള്‍ പുറത്തുവിട്ടു.

ഡബ്ല്യുസിസിയുടെ വാര്‍ത്താസമ്മേളനത്തിനിടെ അര്‍ച്ചന പത്മിനി ഉന്നയിച്ച ആരോപണങ്ങള്‍ ശരിയല്ലെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി.ഉണ്ണികൃഷ്ണൻ മറുപടി നല്‍കിയതിന് പിന്നാലെയാണ് നടി വീണ്ടും രംഗത്തെത്തിയത്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അര്‍ച്ചന വിശദാംശങ്ങള്‍ പുറത്തുവിട്ടത്.

പ്രഹസനപരമെന്ന് പിന്നീട് ഞാൻ മനസ്സിലാക്കിയ ഒരു സസ്‌പെൻഷൻ പ്രതിക്ക് കൊടുക്കുന്നതായി ഫെഫ്ക അറിയിച്ചിരുന്നുവെന്ന് അര്‍ച്ചന വ്യക്തമാക്കി. ആ ആറു മാസ കാലയളവിന് ശേഷം അയാളെ പുറത്താക്കുന്ന നടപടിയുണ്ടാകും എന്നാണ് എന്നെ വിശ്വസിപ്പിച്ചത്. 
അയാൾ പക്ഷെ സജീവമായി പിന്നീടും തൊഴിലെടുക്കുകയുണ്ടായി. തുടർന്ന് എന്നെ അറിയിക്കാമെന്ന് പറഞ്ഞ പുറത്താക്കൽ സംഭവിച്ചില്ല, ഞാനെന്തായാലും അറിഞ്ഞിട്ടില്ലെന്ന് അവര്‍ വിശദീകരിച്ചു. സാങ്കേതിക പ്രവര്‍ത്തകനെതിരെ ഫെഫ്ക നടപടിയെടുത്തെന്നായിരുന്നു നേരത്തെ ബി.ഉണ്ണികൃഷ്ണന്‍ പറ‍ഞ്ഞത്. സാങ്കേതിക പ്രവര്‍ത്തന്‍ ഇപ്പോഴും സസ്പെന്‍ഷനിലാണെന്നും അര്‍ച്ചനയ്ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ബി.ഉണ്ണികൃഷ്ണന്‍ പറഞ്ഞിരുന്നു.

അര്‍ച്ചനയുടെ കുറിപ്പ് പൂര്‍ണരൂപത്തില്‍

സുഹൃത്തുക്കളേ ഒരു കാര്യത്തിൽ വ്യക്തത വരുത്തിക്കോട്ടെ...പ്രഹസനപരമെന്ന് പിന്നീട് ഞാൻ മനസ്സിലാക്കിയ ഒരു സസ്‌പെൻഷൻ പ്രതിക്ക് (കുറ്റം സമ്മതിച്ചതാണ്) കൊടുക്കുന്നതായി ഫെഫ്ക അറിയിച്ചിരുന്നു. ആ ആറു മാസ കാലയളവിന് ശേഷം അയാളെ പുറത്താക്കുന്ന നടപടിയുണ്ടാകും എന്നാണ് എന്നെ വിശ്വസിപ്പിച്ചത്. അയാൾ പക്ഷെ സജീവമായി പിന്നീടും തൊഴിലെടുക്കുകയുണ്ടായി.

തുടർന്ന് എന്നെ അറിയിക്കാമെന്ന് പറഞ്ഞ പുറത്താക്കൽ സംഭവിച്ചില്ല, ഞാനെന്തായാലും അറിഞ്ഞിട്ടില്ല.പ്രസ്സ് ക്ലബ്ബിൽ കൂടിയ മൊബിന് മുമ്പാകെ കൂടുതലൊന്നും പറയാനുള്ള അവസ്ഥ ഉണ്ടായില്ല.