ഇതിന് മുമ്പ് രണ്ട് ലോകകപ്പില്‍ ഫ്രാന്‍സിനെ നേരിട്ടപ്പോളും ജയിച്ച അര്‍ജന്റീന അന്നൊക്കെ ഫൈനല്‍ വരെ എത്തിയിട്ടുമുണ്ട്.

കസാന്‍: റഷ്യന്‍ ലോകകപ്പ് പ്രീ ക്വാര്‍ട്ടറിലെ ഫൈനല്‍. അര്‍ജന്റീന- ഫ്രാന്‍സ് പോരാട്ടത്തെ ഫുട്‌ബോള്‍ ലോകം വിശേഷിപ്പിക്കുന്നത് ഇങ്ങനെയാണ്. ഗ്രീസ്മാന്‍, പോഗ്ബ, എംബാപ്പെ. സൂപ്പര്‍ താരങ്ങള്‍ ഏറെയണ് ഫ്രഞ്ച് നിരയില്‍. പക്ഷെ കടലാസിലെ പേരും പെരുമയുമൊന്നും കളത്തില്‍ അത്രകണ്ട് ഫലിച്ചിട്ടില്ല ഇതുവരെ. കഴിഞ്ഞ യൂറോ കപ്പിലെന്ന പോലെ നോക്കൗട്ട് ഘട്ടത്തില്‍ യഥാര്‍ത്ഥ മികവിലേക്കുയരുമെന്നാണ് ഗ്രീസ്മാന്‍ ആരാധകര്‍ക്ക് നല്‍കിയിരിക്കുന്ന ഉറപ്പ്. 

മറുവശത്തും കഥ ഇതുപോലൊക്കെത്തന്നെ. ലിയോണല്‍ മെസി അടക്കമുള്ളവര്‍ ഗ്രൂപ്പ് പോരാട്ടങ്ങളില്‍ മിക്കപ്പോഴും തപ്പിത്തടയുകയായിരുന്നു. നൈജീരിയക്കെതിരെ 86ആം മിനിറ്റിലെ ഗോളും വിജയവും ടീമിന്റെ ആത്മവിശ്വാസം ഉയര്‍ത്തിയിട്ടുണ്ട്. ആ ഊര്‍ജ്ജം നിലനിര്‍ത്താനായാല്‍ അര്‍ജന്റീനക്ക് മുന്നേറാം. സാംപോളിയെ കാഴ്ചക്കാരനാക്കി ടീമിന്റെ പൂര്‍ണനിയന്ത്രണം ഏറ്റെടുത്ത മെസ്സിക്ക് പ്രതീക്ഷിക്കുന്ന പിന്തുണ സഹതാരങ്ങളില്‍ നിന്ന് കിട്ടിയാല്‍ കാര്യങ്ങള്‍ എളുപ്പമാകും. 

തിന് മുമ്പ് രണ്ട് ലോകകപ്പില്‍ ഫ്രാന്‍സിനെ നേരിട്ടപ്പോളും ജയിച്ച അര്‍ജന്റീന അന്നൊക്കെ ഫൈനല്‍ വരെ എത്തിയിട്ടുമുണ്ട്. ഇതുള്‍പ്പെടെ 11 നേര്‍ക്കുനേര്‍ പോരാട്ടങ്ങളില്‍ ഫ്രാന്‍സ് ജയിച്ചത് രണ്ടെണ്ണം മാത്രം. പക്ഷെ 1978ല്‍ അര്‍ജന്റീനയോട് പരാജയപ്പെട്ട ശേഷം ലോകകപ്പില്‍ ഒരു ലാറ്റിനമേരിക്കന്‍ ടീമിനും ഫ്രാന്‍സിനെ തോല്‍പിക്കാനായിട്ടില്ല. 

തെക്കേ അമേരിക്കയില്‍ നിന്നൊരു ടീം ലോകകപ്പില്‍ ഫ്രഞ്ച് വല കുലുക്കിയിട്ട് തന്നെ മൂന്ന് പതിറ്റാണ്ടിലേറെയാകുന്നു. ഏതായാലും ലോകകിരീടം നേടാന്‍ വലിയ സാധ്യത കല്‍പിക്കുന്ന രണ്ട് ടീമുകളില്‍ ഒന്നിന് ഇന്ന് നാട്ടിലേക്ക് മടങ്ങാം. അതാരാകുമെന്ന് അറിയാന്‍ ഇനി മണിക്കൂറുകളുടെ മാത്രം കാത്തിരിപ്പ്.