അഗ്വേറോ ഏക സ്ട്രെെക്കര്‍ അധികം പരിക്ഷണങ്ങള്‍ക്ക് മുതിരാതെ സാംപോളി

മോസ്കോ: ലിയോണല്‍ മെസി എന്ന ഫുട്ബോള്‍ മാന്ത്രികന്‍റെ കരവിരുതില്‍ വിശ്വാസം അര്‍പ്പിച്ച് റഷ്യന്‍ ലോകകപ്പിന്‍റെ ആദ്യ പോരാട്ടത്തിനായി അര്‍ജന്‍റീന കച്ചമുറുക്കി. മോസ്കോയിലെ സ്പാര്‍ട്ടക് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഫുട്ബോള്‍ ആരാധകരുടെ എല്ലാം കണ്ണുകള്‍ മെസി എന്ന ഒറ്റ താരത്തിലേക്കാണ്.

മെസിയുടെ പ്രൗഢിക്ക് മുന്നില്‍ തളരാനല്ല ആദ്യ ലോകകപ്പിനെത്തുന്നതെന്ന സന്ദേശം നല്‍കിയാണ് ചരിത്രം കുറിക്കുന്ന പോരാട്ടത്തിന് ഐസ്‍ലാന്‍റ് പോരിനിറങ്ങിയിരിക്കുന്നത്. വലിയ പേരുകള്‍ ഒന്നുമില്ലെങ്കിലും ഒരു സംഘം എന്ന നിലയില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കാമെന്ന് അവര്‍ പ്രതീക്ഷിക്കുന്നു.

കഷ്ടപ്പെട്ട് യോഗ്യത കടമ്പ കടന്ന അര്‍ന്‍റീനയുടെയിനേക്കാള്‍ മികച്ച രീതിയിലാണ് ഐസ്‍ലാന്‍റ് ലോകകപ്പിനെത്തുന്നത്. പ്രതീക്ഷിച്ചത് പോലെ വില്‍ഫ്രെഡ് കാബെല്ലറോയാണ് അര്‍ജന്‍റീനയുടെ വല കാക്കുന്നത്. എഡ്വാര്‍ഡോ സാല്‍വിയോ, നിക്കോളാസ് ഓട്ടമെന്‍ഡി, മാര്‍ക്കോസ് റോഹോ, നിക്കോളാസ് ടാഗ്ലിഫിക്കോ എന്നിവര്‍ പ്രതിരോധ മതില്‍ തീര്‍ക്കുന്നു.

ഹവിയര്‍ മഷറാനോ, ലൂക്കാസ് ബിഗ്ലിയ, മാക്സിമില്ലാനോ മെസാ, ഏയഞ്ചല്‍ ഡി മരിയ എന്നിവര്‍ മധ്യനിരയില്‍ അണിനിരക്കുമ്പോള്‍ ഏക സ്ട്രെെക്കറായി സെര്‍ജിയോ അഗ്വേറോയാണ് സാംപോളി പരീക്ഷിച്ചിരിക്കുന്നത്. മധ്യനിരയില്‍ എല്ലാം നിയന്ത്രിച്ച് ആക്രമണത്തിന്‍റെയും ഉത്തരവാദിത്വവുമായി ഹൃദയ ഭാഗത്ത് മെസി പന്തു തട്ടും. 4-2-3-1 എന്ന ഫോര്‍മേഷനിലാണ് സാംപോളി അര്‍ജന്‍റീനയെ വിന്യസിച്ചിരിക്കുന്നത്.

മഷറാനോയ്ക്കും ബിഗ്ലിയക്കും മുന്നേറ്റവും പ്രതിരോധവും ഒരുപോലെ കെെകാര്യം ചെയ്യേണ്ട ഡിഫന്‍സീവ് മിഡ്ഫീല്‍ഡേഴ്സിന്‍റെ ചുമതലയാണ് നല്‍കിയിരിക്കുന്നത്. കഴിഞ്ഞ യൂറോ കപ്പില്‍ ക്വാര്‍ട്ടര്‍ വരെയെത്തി ചരിത്രം സൃഷ്ടിച്ച ടീമാണ് ഐസ്‍ലാന്‍റ്. ലോകകപ്പ് യോഗ്യത റൗണ്ടിലാകട്ടെ ഐസ്ലന്‍ഡ് തോറ്റതിന്‍റെ ഇരട്ടിയിലേറെ അര്‍ജന്‍റീന തോറ്റിരുന്നു.

എങ്കിലും ഈ വര്‍ഷത്തെ ഫോം അര്‍ജന്‍റീനയ്ക്ക് അനുകൂലമാണ്. മെസ്സിയും അഗ്വേറോയുമൊക്കെ യഥാര്‍ത്ഥ മികവിലേക്കുയര്‍ന്നാല്‍ തടുത്തുനിര്‍ത്തുക ഒട്ടും എളുപ്പവുമല്ല. അതുകൊണ്ടുതന്നെ ആദ്യ മത്സരം അനായാസം ജയിച്ച് അര്‍ജന്‍റീന കുതിപ്പ് തുടങ്ങുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.