എയ്ഞ്ചലോ ഡി മരിയക്ക് തകര്‍പ്പന്‍ ഗോള്‍

മോസ്‌കോ: ലോകകപ്പില്‍ ഫ്രാന്‍സിനെതിരെ അര്‍ജന്‍റീനയുടെ മാലാഖയായി എയ്ഞ്ചലോ ഡി മരിയ. ഗ്രീസ്മാനിലൂടെ 13-ാം മിനുറ്റില്‍ മുന്നിലെത്തിയ ഫ്രാന്‍സിന് 41-ാം മിനുറ്റില്‍ മരിയയിലൂടെ അര്‍ജന്‍റീന തിരിച്ചടി നല്‍കി. ആദ്യ പകുതി പൂര്‍ത്തിയാകുമ്പോള്‍ ഇരുടീമുകളും ഓരോ ഗോളടിച്ച് നില്‍ക്കുകയാണ്. 

എംബാപ്പെയെ ബോക്‌സില്‍ റോജോ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റി ഗോളാക്കി ഗ്രീസ്മാന്‍ തുടക്കം ഫ്രാന്‍സിന് അനുകൂലമാക്കി. 21-ാം മിനുറ്റില്‍ ഫ്രാന്‍സിന് വീണ്ടുമൊരു സുവര്‍ണാവസരം ലഭിച്ചു. എംബാപ്പെയെ ബോക്സിന് തൊട്ടുപുറത്ത് തഗ്ലിയാഫികോ വീഴ്ത്തിയതിന് റഫറിയുടെ വക മഞ്ഞക്കാര്‍ഡും ഫ്രീകിക്കും. എന്നാല്‍ കിക്കെടുത്ത പോഗ്ബ പന്ത് ബാറിന് മുകളിലൂടെ പറത്തിയത് ഫ്രാന്‍സിന് തിരിച്ചടിയായി. 

26-ാം മിനുറ്റില്‍ വീണ്ടും അര്‍ജന്‍റീനയ്ക്ക് അപകടം സൃഷ്ടിച്ച് ഗ്രീസ്മാന്‍റെ മുന്നേറ്റം. 33-ാം മിനുറ്റില്‍ ഒരിക്കല്‍ കൂടി ഫ്രാന്‍സിന്‍റെ മിന്നല്‍ കുതിപ്പ്. എന്നാല്‍ 37, 38 മിനുറ്റുകളില്‍ അര്‍ജന്‍റീന കാട്ടിയ അപ്രതീക്ഷിത നീക്കങ്ങള്‍ ഫ്രാന്‍സിനെ ഞെട്ടിച്ചു. പിന്നാലെ 41-ാം മിനുറ്റില്‍ ബോ‌ക്സിന് പുറത്തുനിന്നുള്ള മരിയയുടെ ലോംഗ് റേഞ്ചര്‍ ബുള്ളറ്റ് ഫ്രാന്‍സിന്‍റെ നെഞ്ചിലേക്ക് തുളച്ചുകയറി. മാലാഖയുടെ ചിറകുകളുള്ള ഗോള്‍.