അന്ന് മെസിയും അഹമ്മദ് മൂസയും ഇരട്ട ഗോളുകള്‍ സ്വന്തമാക്കി

സെന്‍റ് പീറ്റേഴ്സ്ബെര്‍ഗ്: ആദ്യമായല്ല ലോകകപ്പില്‍ അര്‍ജന്‍റീനയും നെെജീരിയയും നേര്‍ക്ക് നേര്‍ വരുന്നത്. ആറാം ലോകകപ്പിന് റഷ്യയിലെത്തിയ നെെജീരിയ അതില്‍ അഞ്ചാം വട്ടമാണ് ഗ്രൂപ്പ് ഘട്ടത്തില്‍ മാത്രം അര്‍ജന്‍റീനയുടെ എതിരാളികളാകുന്നത്. ആകെ എട്ട് വട്ടമാണ് അര്‍ജന്‍റീനയും നെെജീരിയയും ഏറ്റുമുട്ടിയിട്ടുള്ളത്. ലാറ്റിനമേരിക്കന്‍ വമ്പന്മാര്‍ അഞ്ചു വട്ടവും വിജയം കണ്ടപ്പോള്‍ നെെജീരിയക്ക് ജയിക്കാനായത് രണ്ട് വട്ടം മാത്രം.

ഒരു മത്സരം സമനിലയിലായി. ലോകകപ്പിലെ ഇരു ടീമുകളുടെയും പോര് ആരംഭിക്കുന്നത് 1994ല്‍ ആണ്. അന്ന് ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് വിജയം അര്‍ജന്‍റീനയ്ക്കൊപ്പം നിന്നു. ഇടവേളയ്ക്ക് ശേഷം 2002ലും അവര്‍ ഏറ്റമുട്ടി. സ്കോറിലല്ലാതെ പക്ഷേ ഫലത്തില്‍ മാറ്റമുണ്ടായില്ല. ആഫ്രിക്കയില്‍ ലോകകപ്പ് നടന്നപ്പോള്‍ 2010ല്‍ അടുത്ത മത്സരം എത്തി. പേടിപ്പിച്ചെങ്കിലും ഇത്തവണയും നെജീരിയക്ക് വിജയം നേടാന്‍ സാധിച്ചില്ല.

കഴിഞ്ഞ തവണ ബ്രസീലിലും കളിയുടെ അവസാനം ചുണ്ടില്‍ ചിരി വിരിഞ്ഞത് മെസിയുടേതാണ്. പക്ഷേ, അന്ന് അര്‍ജന്‍റീനയെ വിറപ്പിച്ച ശേഷമാണ് ആഫ്രിക്കന്‍ പട കീഴടങ്ങിയത്. മെസിയുടെ മികവില്‍ രണ്ടു വട്ടം മുന്നിലെത്തിയ അര്‍ജന്‍റീനയ്ക്ക് മറുപടി കൊടുക്കാന്‍ നെെജീരിയ്ക്ക് സാധിച്ചു. മൂന്നാം മിനിറ്റിലും ആദ്യ പകുതിയുടെ അധിക സമയത്തുമാണ് മെസി വലചലിപ്പിച്ചത്. എന്നാല്‍, ഇന്ന് അര്‍ജന്‍റീനയുടെ പ്രതിരോധം ഏറ്റവും കൂടുതല്‍ പേടിക്കുന്ന അഹമ്മദ് മൂസ തന്നെയാണ് അന്നും രണ്ടു ഗോളുകള്‍ നേടിയത്. പക്ഷേ, കോര്‍ണറില്‍ നിന്ന് ലഭിച്ച അവസരത്തില്‍ ഗോള്‍ സ്വന്തമാക്കി മാര്‍ക്കസ് റോഹോ വിജയം അര്‍ജന്‍റീനയ്ക്ക് നേടിക്കൊടുത്തു.

അന്നത്തെ കളിയിലെ ഗോളുകള്‍ കാണാം...