32 വര്‍ഷങ്ങള്‍ക്ക് ശേഷം അര്‍ജന്‍റീന ലോകകിരീടം ഉയര്‍ത്തുന്നത് കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍

മോസ്കോ; ലോകത്ത് ഏറ്റവുമധികം ആരാധകരുള്ള ടീമുകളിലൊന്നാണ് അര്‍ജന്‍റീന. 32 വര്‍ഷങ്ങള്‍ക്ക് ശേഷം അര്‍ജന്‍റീന ലോകകിരീടം ഉയര്‍ത്തുന്നത് കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ലിയോണല്‍ മെസിയിലും സംഘത്തിലും വലിയ പ്രതീക്ഷയാണ് അവര്‍ വച്ചുപുലര്‍ത്തുന്നത്. അതുകൊണ്ടുതന്നെ പരാജയം ആരാധകര്‍ക്ക് സഹിക്കാവുന്നതിലുമപ്പുറമാണ്.

ആദ്യ റൗണ്ട് പിന്നിട്ട മെസിയും സംഘവും പ്രീ ക്വാര്‍ട്ടറില്‍ ഫ്രാന്‍സിനെ നേരിടാനുള്ള തയ്യാറെടുപ്പിലാണ്. എന്നാല്‍ ആരാധകര്‍ ഇപ്പോഴും ആദ്യ റൗണ്ടിലെ പരാജയം മറന്നിട്ടില്ല. ക്രൊയേഷ്യയ്ക്കെതിരായ മത്സരത്തിലെ മൂന്ന് ഗോളിന്‍റെ തോല്‍വിയുടെ വേദനയാണ് അവര്‍ പങ്കുവയ്ക്കുന്നത്. തോല്‍വിയുടെ കാരണക്കാരനായി മുദ്രകുത്തിയിരിക്കുന്നത് മത്സരത്തില്‍ അര്‍ജന്‍റീനയുടെ വല കാത്ത കാബിയറോയെയാണ്.

ആരാധകരുടെ പ്രതികരണം അമിതമാകുന്നുവെന്നതിന്‍റെ തെളിവാണ് കാബിയറോയുടെ വെളിപ്പെടുത്തല്‍. തനിക്കും കുടുംബത്തിനും വധ ഭീഷണിയുണ്ടെന്ന് കാബിയറോ തുറന്നുപറഞ്ഞു. ആരാധകരുടെ ഭാഗത്ത് നിന്നും ഏറ്റവും മോശം കാര്യങ്ങളാണ് ഉണ്ടാകുന്നത്. ദിവസങ്ങള്‍ കഴിഞ്ഞിട്ടും തന്നെ അപമാനിക്കുകയാണെന്നും ഏതൊരു കളിക്കാരനും സംഭവിക്കാവുന്ന പിഴവാണ് തനിക്കുണ്ടായതെന്നും അദ്ദേഹം ഇന്‍സ്റ്റഗ്രാമിലൂടെ വ്യക്തമാക്കി.

കളിക്കളത്തില്‍ ആര്‍ക്കും അബദ്ധം പറ്റാമെന്നും അതിന്‍റെ പേരില്‍ തന്നെയും കുടുംബത്തെയും ഇങ്ങനെ കൊല്ലാക്കൊല ചെയ്യുന്നത് ശരിയല്ലെന്നും കാബിയറോ കൂട്ടിച്ചേര്‍ത്തു. കൊല്ലുമെന്നുള്ള ഭീഷണികളുണ്ടെന്നും അദ്ദേഹം പറയുന്നു. എന്തായാലും ആരാധകരുടെ ഭാഗത്ത് നിന്നുള്ള ഇത്തരം മോശം പ്രവണതകള്‍ക്ക് അവസാനമുണ്ടാകണം.

View post on Instagram