നടപടി പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ പരാതിയിന്‍മേല്‍
മലപ്പുറം: അരീക്കോട് പീഡനക്കേസില് പ്രതിയെ സഹായിച്ചെന്ന് ആരോപണം ഉയര്ന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥയെ സ്ഥലം മാറ്റി. തൃശ്ശൂര് റേഞ്ച് ഐ.ജിയുടേതാണ് നടപടി.
അരീക്കോട് സ്വദേശിയായ അഫ്സത്തിനെയാണ് തേഞ്ഞിപ്പലം സ്റ്റേഷനിലേക്ക് സ്ഥലം മാറ്റിയത്. 16കാരിയായ പെണ്കുട്ടിയെ അയല്വാസി പീഡിപ്പിച്ചെന്നതാണ് അരീക്കോട് കേസ്. പ്രതിയായ ഹാരിസുമായി സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥര്ക്ക് ബന്ധമുണ്ടെന്ന ആക്ഷേപം പെണ്കുട്ടിയുടെ ബന്ധുക്കള് ഉയര്ത്തിയിരുന്നു.
അരീക്കോട് പീഡനക്കേസ് അന്വേഷിക്കുന്ന തൃശ്ശൂര് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഈ ആരോപണം പരിശോധിക്കുകയും റേഞ്ച് ഐജിക്ക് റിപ്പോര്ട്ട് സമര്പ്പിക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഐജി എം ആര്. അജിത്കുമാര് വനിതാ പൊലീസ് ഉദ്യോഗസ്ഥയെ സ്ഥലം മാറ്റിയത്. പ്രതിയും വനിതാ പൊലീസ് ഉദ്യോഗസ്ഥ അഫ്സത്തും ഒരേ നാട്ടുകാരായതിനാല് കൂടുതല് ആക്ഷേപം ഉയരാതിരിക്കാനുള്ള നടപടിയെന്നാണ് പൊലീസിന്റെ വിശദീകരണം. പ്രതി ഹാരിസിനായി അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.
