പത്തനംതിട്ട: പത്തനംതിട്ട മണിയാറില്‍ എ വി ടി കൈവശം വെച്ചിരിക്കുന്ന ഭൂമിയില്‍ അരിപ്പ സമരക്കാര്‍ കയ്യേറി കുടില്‍കെട്ടി. ഇരുന്നൂറിലേറെ വരുന്ന അരിപ്പ ഭൂസമരക്കാരാണ് ആദിവാസി ദളിത് മുന്നേറ്റ സമിതിയുടെ നേതൃത്വത്തില്‍ ഭൂമി കയ്യേറിയത്. പിന്നീട് ഇവരെ പൊലീസും എ വി ടി തൊഴിലാളികളും ചേര്‍ന്ന് ഒഴിപ്പിച്ചു. വ്യാഴാഴ്‌ച രാത്രി പന്ത്രണ്ട് മണിയോടെയാണ് കൊല്ലം ജില്ലയില്‍നിന്നുള്ള അരിപ്പ ഭൂസമരക്കാര്‍ മണിയാറിലെ എ വി ടി എസ്റ്റേറ്റിലെത്തി കുടില്‍ കെട്ടിയത്. അരിപ്പ ഭൂമി പ്രശ്‌നം സര്‍ക്കാര്‍ പരിഹരിച്ചില്ലെന്ന് ആരോപിച്ചാണ് എ വി ടി എസ്റ്റേറ്റ് കയ്യേറിയത്. മണിയാറിലെ ഭൂമി വനം റവന്യൂ ഭൂമിയാണ് എ വി ടി കൈവശം വെച്ചിരിക്കുന്നതെന്ന് സമരക്കാര്‍ ആരോപിച്ചു. അതുകൊണ്ടുതന്നെ എ വി ടി എസ്റ്റേറ്റിലെ ഭൂമി തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്നാണ് അരിപ്പ ഭൂസമരക്കാര്‍ പറയുന്നത്. രാവിലെയോടെ തന്നെ മുഴുവന്‍ പേരെയും സ്ഥലത്തുനിന്നു ഒഴിപ്പിച്ചു.