വാക്കുകളില്ലാതെ അര്‍ജുന്‍റെ കുടുബം മക്കള്‍ ചെയ്തതാണ് ശരിയെന്ന് പിതാവ്

ഇടുക്കി: മഹാരാജാസ് കോളേജില്‍ കൊല്ലപ്പെട്ട വിദ്യാര്‍ത്ഥി അഭിമന്യുവിന്റെ വീട്ടില്‍ അഭിമന്യുവിനോപ്പം അക്രമികളുടെ കുത്തേറ്റ അര്‍ജുനന്‍റെ മാതാപിതാക്കള്‍ എത്തി. അര്‍ജുനന്റെ പിതാവ് മനോജ് അഭിമന്യുവിന്റെ അച്ഛനെ കണ്ടുമുട്ടിയപ്പോള്‍ വാക്കുകളില്ലാതെ വിങ്ങിപ്പൊട്ടുകയായിരുന്നു ഇരുവരും. അഭിമന്യുവിന്റെ അച്ഛന്‍ ആദ്യം തിരക്കിയത് അക്രമികളുടെ കുത്തേറ്റ് എറണാകുളത്ത് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയില്‍ കഴിയുന്ന അര്‍ജുനനെയായിരുന്നു. 

അഭിമന്യു മരിച്ചിട്ടില്ലെന്നും അര്‍ജുനനിലൂടെ അഭിമന്യു ജീവിക്കുന്നെന്നും അര്‍ജുനന്റെ പിതാവ് പറഞ്ഞു .ഒരേ പ്രസ്ഥാനത്തിന് വേണ്ടിയാണ് നമ്മുടെ മക്കള്‍ പ്രവര്‍ത്തിച്ചത്. അവര്‍ ചെയ്തതാണ് ശരി. കലാലയങ്ങള്‍ പഠിക്കാന്‍ വേണ്ടി മാത്രമല്ലെന്നും സര്‍ഗാത്മകതയുടെ ഇടമാണെന്നും, അര്‍ജുനനെ മഹാരാജാസില്‍ തുടര്‍ന്ന് പഠിപ്പിക്കുമെന്നും അര്‍ജുനന്റെ പിതാവ് മനോജ് പറഞ്ഞു. ഇത് കേട്ട് അഭിമന്യുവിന്‍റെ അമ്മ ഭൂപതി വിങ്ങിപ്പൊട്ടി. 

അര്‍ജുനന്‍ ആശുപത്രി വിട്ടാല്‍ വട്ടവടയ്ക്ക് കൂട്ടികൊണ്ടു വരുമെന്നും അഭിമന്യു തങ്ങളുടെ കൂടി മകനാണെന്നു അവര്‍ പറഞ്ഞു. ഇതു കേട്ട്മറുപടി പറയാനാവാതെ അഭിമന്യുവിന്റെ മാതാപിതാക്കള്‍ ഇരുകൈകളും കൂട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞു. അഭിമന്യുവിന്റെ ശവകുടീരം കൂടി സന്ദര്‍ശിച്ച ശേഷമാണ് അര്‍ജുനന്റെ കുടുംബം വട്ടവടയില്‍ നിന്നും നിന്ന് യാത്ര തിരിച്ചത്.