ശ്രീനഗര്‍: സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ കരസേനാ മേധാവി ദൽബീർ സിംഗ് സുഹാഗ് ഇന്ന് കശ്മീർ സന്ദർശിക്കും.കശ്മീരിലെ സുരക്ഷാക്രമീകരണങ്ങൾ കരസേനാ മേധാവി അവലോകനം ചെയ്യും.കശ്മീരിൽ ഇന്ത്യൻ സൈന്യം ആക്രമണങ്ങൾ അഴിച്ചുവിടുകയാണെന്നാരോപിച്ച് പാകിസ്ഥാൻ ഇന്ന് കരിദിനം ആചരിക്കുകയാണ്. അതേസമയം പാർലമെന്റിൽ കശ്മീർ വിഷയം ഇന്ന് ചർച്ചയാകും.
ഹിസ്ബുൾ കമാണ്ടർ ബുർഹാൻ വാണി കൊല്ലപ്പെട്ട് രണ്ടാഴ്ച്ച പിന്നിടുമ്പോഴും കശ്മീർ താഴ്വരയിലെ സംഘർഷത്തിന് അയവില്ല.തെക്കൻ കാശ്മീരിൽ പലയിടത്തും പ്രതിഷേധങ്ങൾ തുടരുകയാണ്.പത്ത് ജില്ലകളിൽ പ്രഖ്യാപിച്ച നിരോധനാഞ്ജയും തുടരും. ഇന്നലെ തെക്കന്‍ കാശ്മീരിൽ നടന്ന വെടിവയ്പ്പിൽ ഒരു സ്ത്രീ അടക്കം മൂന്ന് പേർ കൊല്ലപ്പെട്ടിരുന്നു.ഈ സാഹചര്യത്തിലാണ് സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്താൻ കരസേനാ മേധാവി ദൽബീർ സിംഗ് സുഹാഗ് ഇന്ന് കശ്മീർ സന്ദർശിക്കുന്നത്.
ബദാമിബാഗ് കണ്ടോൺമെന്റിലെത്തുന്ന കരസേനമേധാവി ഉയർന്ന സൈനിക ഉദ്യോഗസ്ഥരുമായി നിയന്ത്രണരേഖയിലെ സുരക്ഷയടക്കമുള്ള കാര്യങ്ങൾ വിലയിരുത്തും. അതേസമയം, കശ്മീർ വിഷയത്തിൽ പാകിസ്ഥാന്റെ പ്രകോപനം തുടരുകയാണ്.കശ്മീരിൽ ഇന്ത്യൻ സൈന്യം ആക്രമണങ്ങൾ അഴിച്ചുവിടുകയാണെന്നാരോപിച്ച് പാകിസ്ഥാൻ ഇന്ന് കരിദിനം ആചരിക്കുകയാണ്.
കശ്മീർ സംഘർഷത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് വേണ്ടി പ്രത്യേക പ്രാർത്ഥനകളും പാകിസ്ഥാനിൽ സംഘടിപ്പിച്ചിട്ടുണ്ടെന്ന്പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അന്താരാഷ്ട്ര തലത്തിൽ മനുഷ്യാവകാശ സംഘടനകളുടെ ശ്രദ്ധയിൽ കശ്മീർ വിഷയം എത്തിക്കാനുള്ള ശ്രമവും പാകിസ്ഥാൻ ആരംഭിച്ചിട്ടുണ്ട്.അതേസമയം, ടെങ്പോറയിൽ യുവാവിനെ വധിച്ച സംഭവത്തിൽ ഡിഎസ്പി യാസിർ ഖദ്രിക്കെതിരെ കേസ് രജിസ്ട്രർ ചെയ്യാൻ കോടതി ഉത്തരവിട്ടു.
