നാട്ടുകാരുടെ കല്ലേറ് തടയാൻ കശ്മീരി യുവാവിനെ ജീപ്പിന് മുന്നിൽ കെട്ടിയിട്ട മേജര്‍ നിഥിൻ ഗോഗോയിയെ അന്വേഷണ കോടതി വെറുതെ വിട്ടു. കൂടുതൽ നാശനഷ്ടങ്ങളും ആളപായവും ഒഴിവാക്കാൻ ഇതുമൂലം കഴിഞ്ഞെന്ന് സൈനിക കോടതിയുടെ പ്രത്യേക അന്വേഷണ സമിതി കണ്ടെത്തി. ശ്രീനഗര്‍ ഉപതെരഞ്ഞെടുപ്പ് തടസ്സപ്പെടുത്താന്‍ ശ്രമിച്ച് തെരുവിലറങ്ങിയവരെ നേരിടാന്‍ മറ്റൊരു മാര്‍ഗവും ഇല്ലായിരുന്നെന്ന് വിചാരണ സമയത്ത് മേജര്‍ കോടതിയില്‍ പറഞ്ഞു. വാഹനത്തിലുള്ള തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെയും ജീവനക്കാരെയും ആക്രമികളില്‍ നിന്നും രക്ഷിക്കാനായിരുന്നു ശ്രമമെന്ന മേജര്‍ ഗോഗോയിയുടെ വാദം അംഗീകരിച്ച കോടതി ഗോഗോയിയെ അഭിനന്ദിക്കുകയും ചെയ്തു.

ഏപ്രില്‍ ഒന്‍പതിനാണ് ഉപതെരഞ്ഞെടുപ്പ് നടന്ന ശ്രീനഗറിലെ ഒരു പോളിംഗ് ബൂത്തില്‍ നിന്നും ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുന്നിതിടെയാണ് സി.ആര്‍.പി.എഫ് ജവാന്മാര്‍ക്ക് നേരെ ഒരു സംഘം ആളുകള്‍ ആക്രമണം നടത്തിയത്. ഇതിനെ പ്രതിരോധിക്കാനാണ് ഒരു യുവാവിനെ വാഹനത്തിന് മുന്നില്‍ കെട്ടിയിട്ടത്. ഈ സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ നടപടി ആവശ്യപ്പെട്ട് സി.ആര്‍.പി.എഫ് പൊലീസില്‍ പരാതി നല്‍കിയിരുന്നു.