ദില്ലി: ഇന്ത്യന്‍ കരസേനയ്ക്ക് പുത്തന്‍ ആയുധങ്ങളെത്തും. 40000 കോടിയുടെ ആയുധങ്ങള്‍ വാങ്ങാനാണ് നീക്കം. ആയുധശേഷി വര്‍ധിപ്പിക്കാനും മെച്ചപ്പെടുത്താനുമുള്ള ശുപാര്‍ശ കരസേന പ്രതിരോധ മന്ത്രാലയത്തിന് കൈമാറി. മന്ത്രാലയം ഇത് അംഗീകരിക്കുമെന്നാണ് റിപ്പോര്‍ട്ട്.

പാക്-ചൈന രാജ്യങ്ങളില്‍ നിന്നുള്ള വെല്ലുവിളികള്‍ വര്‍ധിച്ച് വരുന്ന സാഹചര്യത്തിലാണ് ആയുധ നവീകരണം വേഗത്തിലാക്കാന്‍ കരസേന ഒരുങ്ങുന്നത്. ഏഴ് ലക്ഷത്തോളം റൈഫിളുകള്‍ 44,600 കാര്‍ബൈണുകള്‍, 44000 ലൈറ്റ് മെഷീന്‍ ഗണ്ണുകള്‍ എന്നിവയടക്കം വാങ്ങി ആയുധ ശേഖരം വര്‍ധിപ്പിക്കാനും നവീകരിക്കാനുമാണ് കരസേന ശുപര്‍ശ ചെയ്തിരിക്കുന്നത്.

ഇന്ത്യന്‍ നിര്‍മിത റൈഫിളുകള്‍ ഫയറിങ് പരീക്ഷണത്തില്‍ പരാജയപ്പെട്ടതോടെ അത് വാങ്ങാനുള്ളതീരുമാനം കരസേന പിന്‍വലിച്ചിരുന്നു. അതേസമയം ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ലൈറ്റ് മെഷീന്‍ ഗണ്‍, അസോള്‍ട്ട് റൈഫിളുകള്‍ എന്നിവ എത്രയും വേഗം കരസേനയ്ക്ക് സ്വന്തമാകുമെന്നാണ് റിപ്പോര്‍ട്ട്.