പട്ടാളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരില്‍ നിന്നും പണം തട്ടിയ മുന്‍ പട്ടാള ഉദ്യോസ്ഥന്‍ മുണ്ടക്കയത്തു പിടിയിലായി. പത്തനം തിട്ട കൊടുമണ്‍ അനീഷ് നിവാസില്‍ അനീഷ് തമ്പിയെയാണ് മുണ്ടക്കയം എസ്.ഐ. അനൂപ് ജോസും സംഘവും പിടികൂടിയത്. തട്ടിപ്പിൽ പണം നഷ്ടപ്പെട്ട ദമ്പതികൾ നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നടന്ന വന്‍ ജോലിതട്ടിപ്പ് പുറത്തുവന്നത്.

സജികുമാറിനും നഴ്‌സായ ഭാര്യക്കും ആര്‍മിയില്‍ ജോലി നല്‍കാമെന്നു പറഞ്ഞായിരുന്നു തട്ടിപ്പ്. തട്ടിപ്പുകാരനായ അനീഷ് 2011ല്‍ ആര്‍മിയില്‍ നിന്നും ഒളിച്ചോടിപ്പോന്നയാളാണ്. നാട്ടിലെത്തിയ ഇയാള്‍ രണ്ടരമാസം മുന്‍പ് യാത്രക്കിടയില്‍ പരിചയപെട്ട ബസ്‌ ഡ്രൈവര്‍ മുഖാന്തിരമാണ് മുണ്ടക്കയം പുലിക്കുന്നിലെ ഒരു പെണ്‍കുട്ടിയെ പരിചയപെടുന്നതും വിവാഹം ചെയതതും. ആര്‍മിയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനാണന്നു കളളംപറഞ്ഞായിരുന്നു വിവാഹം.

പുലിക്കുന്നിലെ വീട്ടിലെത്തിയ ഇയാള്‍ പരിസരപ്രദേശങ്ങളിലെ പലരോടും തനിക്കു ആര്‍മിയല്‍ ജോലിക്കു ആളെ നിയമിക്കുന്നതിനുളള സ്വാധീനമുണ്ടന്നു സ്വയം പ്രചരിപ്പിക്കുകയായിരുന്നു. തുടര്‍ന്നു സജികുമാറിനോടും ഭാര്യയോടും ജോലി വാങ്ങിതരാമെന്നു പറഞ്ഞു തൊണ്ണൂറായിരം രൂപ അഡ്വാന്‍സായി വാങ്ങുകയായിരുന്നു. പറഞ്ഞ സമയം കഴിഞ്ഞതോടെ ഇയാളുടെ വാഗ്ദാനം കളളമാണന്നു തോന്നിയതിനെ തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ തിരുവനന്തപുരം സ്വദേശിയില്‍ നിന്നും ഒന്നേമുക്കാല്‍ ലക്ഷം രൂപ തട്ടിയതായി കണ്ടെത്തി. കൂടാതെ മേഖലയില്‍ നിരവധി പേരില്‍ നിന്നും പണം തട്ടിയതായി സംശയിക്കുന്നുണ്ട്. ഇയാളുടെ തട്ടിപ്പിനു ഇരയായവര്‍ പരാതിയുമായി രംഗത്തു വരാനിടയുള്ളതായി പൊലീസ് സംശയിക്കുന്നു. കര്‍ണ്ണാടക രജിസ്‌ട്രേഷനിലുളള നിരവധി വാഹനങ്ങളും ഇയാള്‍ ഉപയോഗിക്കുന്നത് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.