ശ്രീനഗര്‍: കശ്മീരില്‍ ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ താരിഖ് അല്‍ ഭട്ടിനെ സൈന്യം വെടിവെച്ചു കൊന്നു. ഷോപിയാനില്‍ ഭീകരരുമായി നടത്തിയ ഏറ്റുമുട്ടിലിലാണ് ഭട്ട് കൊല്ലപ്പെട്ടത്. ഒരു ഭീകരനെ സൈന്യം പിടികൂടി. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്. ഇതിനിടെ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ് നാഥ് സിംഗ്, ഇന്ന് സൈനിക നേതൃത്വവുമായി കശ്മീരിലെ സുരക്ഷ വിലയിരുത്തും. നാല് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്നലെയാണ് രാജ് നാഥ് സിംഗ് കശ്മീരിലെത്തിയത്. കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുമായും രാജ്നാഥ് സിംഗ് ചര്‍ച്ച നടത്തുന്നുണ്ട്. മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തിലുളള കോണ്‍ഗ്രസ് പ്രതിനിധി സംഘവും ഇന്ന് കശ്മീരിലെത്തുന്നുണ്ട്. പി ചിദംബരം, ഗുലാംനബി ആസാദ്, അംബികാ സോണി എന്നിവരാണ് സംഘത്തിലുള്ളത്. കശ്മീര്‍ വിഷയം സംബന്ധിച്ച നയരൂപീകരണമാണ് സമിതിയുടെ ലക്ഷ്യം. ഇത് സംബന്ധിച്ച് സമൂഹത്തിലെ വിവിധ വിഭാഗങ്ങളിലുള്ളവരുമായി സംഘം ചര്‍ച്ച നടത്തും.