ഭര്‍ത്താവിനൊപ്പം ക്വാര്‍ട്ടേസ് വൃത്തിയാക്കാനെത്തിയതായിരുന്നു യുവതി. ഭര്‍ത്താവിന് ജോലി നല്‍കി വീടിന് പുറത്താക്കിയ ശേഷമായിരുന്നു ആക്രമണം എന്ന് യുവതി പരാതിയില്‍ പറയുന്നു. കടന്നു പിടിച്ച മേജര്‍ ഗൗരവ് മുറിയിലേക്ക് വലിച്ചിഴച്ച് ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് പരാതി. 

ദില്ലി: ആർമി മേജർക്കെതിരെ ഗുരുതര ആരോപണവുമായി വീട്ടു ജോലിക്കാരി. വീട് വ‍ൃത്തിയാക്കുന്നതിനായി കോട്ടേഴ്സിൽ എത്തിയപ്പോള്‍ മേജര്‍ ബലാത്സംഗം ചെയ്തുവെന്നും സംഭവം കാണാനിടയായ ഭര്‍ത്താവിനെ കൊലപ്പെടുത്തിയെന്നുമാണ് ആരോപണം. ദില്ലി കന്റോണ്‍മെന്റിലെ സൈനിക ഉദ്യോഗസ്ഥനായ മേജര്‍ ഗൗരവിനെതിരെയാണ് വീട്ടു ജോലിക്കാരി ഗുരുതര ആരോപണവുമായി പൊലീസിനെ സമീപിച്ചത്. 

ജൂലൈ 12 നാണ് സംഭവം നടക്കുന്നത്. ഭര്‍ത്താവിനൊപ്പം ക്വാര്‍ട്ടേസ് വൃത്തിയാക്കാനെത്തിയതായിരുന്നു യുവതി. ഭര്‍ത്താവിന് ജോലി നല്‍കി വീടിന് പുറത്താക്കിയ ശേഷമായിരുന്നു ആക്രമണം എന്ന് യുവതി പരാതിയില്‍ പറയുന്നു. കടന്നു പിടിച്ച മേജര്‍ ഗൗരവ് മുറിയിലേക്ക് വലിച്ചിഴച്ച് ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് പരാതി. തിരികെയെത്തിയ ഭര്‍ത്താവ് സംഭവം കണ്ടു. തുടർന്ന് ഇരുവരും തമ്മിൽ വഴക്കുണ്ടായി. ഇതോടെ ബന്ധുവിന്റെ സഹായത്തോടെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയെന്നും രണ്ടു വയസുള്ള കുട്ടിയുടെ അമ്മയായ പരാതിക്കാരി ആരോപിക്കുന്നു. എന്നാല്‍ ഭര്‍ത്താവ് ആത്മഹത്യ ചെയ്തതാണെന്ന് പൊലീസിനെക്കൊണ്ട് മേജര്‍ റിപ്പോര്‍ട്ട് ഉണ്ടാക്കിയെന്നും യുവതി പരാതിയില്‍ ആരോപിക്കുന്നു. 

കഴിഞ്ഞ മൂന്നുമാസമായി യുവതിയും ഭർത്താവും ഇവരുടെ രണ്ട് വയസ്സുള്ള മകനും ദില്ലി കന്റോൺമെന്റിലെ ഗൗരവിന്റെ വീട്ടു ജോലിക്കാരായിരുന്നു. യുവതി വീടിനകത്തുള്ള ജോലികളും ഭര്‍ത്താവിന് വീടിന് പുറത്തുള്ള ജോലികളുമായിരുന്നു മേജര്‍ നല്‍കിയിരുന്നത്. സംഭവത്തിന് ശേഷം ബന്ധു വീട്ടിലാണ് താമസമെന്ന് യുവതി പൊലീസിനോട് വിശദമാക്കി. യുവതിയുടെ പരാതിയിൽ കേസെടുത്ത പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു.