ശ്രീനഗര്‍: കശ്‍മീരിലെ കുപ്‍വാര ജില്ലയില്‍ തീവ്രവാദികളും സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടലിനിടയില്‍ ഒരു കരസേന ജവാന്‍ കൊല്ലപ്പെട്ടു. പ്രദേശത്തെ വനമേഖലയില്‍ തീവ്രവാദികളുമായുള്ള ഏറ്റുട്ടലിനിടെ കൊക്കയിലേക്ക് കാല്‍ വഴുതി വീണ് ജവാന് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു. തുടര്‍ന്ന് സൈനിക ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കഴിഞ്ഞ ദിവസം രാത്രി 11.30ഓടെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. ഹന്ദ്വാര പ്രദേശത്ത് തീവ്രവാദികളുടെ സാന്നിദ്ധ്യം സംബന്ധിച്ച വിവരം ലഭിച്ചതിനാല്‍ കഴിഞ്ഞ ദിവസം രാത്രി സൈന്യം ഇവിടെ തെരച്ചില്‍ നടത്തിയിരുന്നു. മരണപ്പെട്ട സൈനികന്റെ പേരോ മറ്റ് വിവരങ്ങളോ ഇതുവരെ സൈന്യം ഔദ്ദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.