പ്രധാനമായും പ്രളയ ബാധിത മേഖലകളിലെ ജനങ്ങളെയാണ് ഈ പദ്ധതിയിൽ ഉൾപ്പെടുത്താനുദ്ദേശിക്കുന്നത്. കേരളത്തിലെ പ്രളയബാധിത മേഖലകളിലെ നിരവധി ആളുകൾക്ക് കന്നുകാലികളും കന്നുകുട്ടികളും നഷ്ടമായിട്ടുണ്ട്. 

തിരുവനന്തപുരം: മിലിട്ടറി ഫാം ഒഴിപ്പിക്കുന്നതിനോട് അനുബന്ധിച്ച് കേന്ദ്ര സേന വിൽക്കാനൊരുങ്ങുന്ന പശുക്കളെ വാങ്ങാൻ തയ്യാറായി കേരള സംസ്ഥാന മൃ​ഗസം​രക്ഷണ വകുപ്പ്. സംസ്ഥാന സർക്കാരുമായി ചർച്ച ചെയ്ത് പദ്ധതി നടപ്പിൽ വരുത്താനുള്ള നീക്കങ്ങൾ ആരംഭിച്ചതായി മൃ​ഗസം​രക്ഷണ വകുപ്പ് ഡയറക്ടർ പി കെ സദാനനന്ദൻ ഏഷ്യാനെറ്റ് ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു. ഒരു പശുവിന് ആയിരം രൂപയെന്ന കണക്കിൽ ആയിരത്തി അഞ്ഞൂറ് പശുക്കളെയാണ് വാങ്ങാൻ ഉദ്ദേശിക്കുന്നത്. ഈ പദ്ധതിയിലെ ഉപഭോക്താക്കളെ തീരുമാനിച്ചിട്ടില്ല. 

പ്രധാനമായും പ്രളയ ബാധിത മേഖലകളിലെ ജനങ്ങളെയാണ് ഈ പദ്ധതിയിൽ ഉൾപ്പെടുത്താനുദ്ദേശിക്കുന്നത്. കേരളത്തിലെ പ്രളയബാധിത മേഖലകളിലെ നിരവധി ആളുകൾക്ക് കന്നുകാലികളും കന്നുകുട്ടികളും നഷ്ടമായിട്ടുണ്ട്. ഇവരെ സഹായിക്കുക എന്നതാണ് ഈ പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. കേന്ദ്ര സർക്കാരിൽ നിന്ന് അനുകൂലമായ മറുപടി ലഭിച്ചാൽ പദ്ധതി നടപ്പിൽ വരുത്തുന്നതിനുള്ള മറ്റ് നടപടികളിലേക്ക് കടക്കുമെന്നും മൃ​ഗസം​രക്ഷണ വകുപ്പ് ഡയറക്ടർ‌ പറഞ്ഞു. ഈ പദ്ധതിയുടെ നടപടിക്രമങ്ങൾക്ക് വേണ്ടി വെറ്റിനറി സർവ്വകലാശാല വിദ​ഗ്ധർ ഉൾപ്പെട്ട സമിതി രൂപീകരിച്ചിട്ടുണ്ട്.