ദില്ലിയില്‍ ആഭ്യന്തര മന്ത്രി രാജ്നാഥ്സിങ് വിളിച്ചുചേര്‍ത്ത യോഗത്തില്‍ പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും പങ്കെടുക്കും. ഇതിന് ശേഷം പ്രധാനമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കും. ഇതിനിടെ തീവ്രവാദ കേന്ദ്രങ്ങള്‍ക്ക് നേരെയെങ്കിലും ഒരു സൈനിക നടപടി വേണമെന്ന് സൈന്യം സര്‍ക്കാറിനോട് ആവശ്യപ്പെട്ടതായാണ് വിവരം. നിയന്ത്രണ രേഖയ്ക്ക് സമീപത്തുള്ള ചില പ്രദേശങ്ങളില്‍ പ്രത്യാക്രമണം നടത്തുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ പരിഗണിക്കണമെന്നാണ് സൈന്യം ആവശ്യപ്പെട്ടിരിക്കുന്നത്. അതിര്‍ത്തിയിലെ ചെറിയ പ്രത്യാക്രമണം പോലും ഇരു രാജ്യങ്ങള്‍ക്കുമിടയിലെ കനത്ത ആക്രമണമായി മാറാന്‍ സാധ്യതയുള്ളതിനാല്‍ ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാറിന് ഒരു രാഷ്ട്രീയ തീരുമാനം എടുക്കേണ്ടിവരും. ഇതോടൊപ്പം അന്താരാഷ്ട്ര തലത്തില്‍ പാകിസ്ഥാനെ കൂടുതല്‍ ഒറ്റപ്പെടുത്താനും ഇന്ത്യ ശ്രമം തുടങ്ങിയിട്ടുണ്ട്.