ഗള്‍ഫ് രാജ്യങ്ങളുടെ ഉപരോധത്തിന് നടുവിലും ഖത്തറില്‍ നിന്നുള്ള വിചിത്രവും ആവേശകരവുമായ ചില കാഴ്ചകളുണ്ട്. സൗദി അറേബ്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ ഉപരോധത്തെ തുടര്‍ന്നുണ്ടായ പാല്‍ പ്രതിസന്ധി പരിഹരിക്കാന്‍ സ്വദേശിയായ ബിസിനസ് പ്രമുഖന്‍ ഖത്തറിലേക്ക് കൊണ്ടുവന്ന നാലായിരം പശുക്കള്‍ക്ക് ജനങ്ങള്‍ ആവേശകരമായ വരവേല്‍പാണ് നല്‍കിയത്. അമേരിക്കയില്‍ നിന്നും ആസ്‌ത്രേലിയയില്‍ നിന്നുമാണ് പശുക്കളെ കൊണ്ടുവന്നത്.
ഉപരോധം രണ്ടാമത്തെ ആഴ്ചയിലേക്ക് കടക്കുമ്പോള്‍ അതിജീവനത്തിനുള്ള ബദല്‍ മാര്‍ഗങ്ങള്‍ കണ്ടെത്തി ഭരണകൂടത്തിന്റെ തീരുമാനങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന ഒരു ജനതയുടെ നിശ്ചയദാര്‍ഢ്യമാണ് ഇപ്പോള്‍ ഖത്തറിലെങ്ങും പ്രകടമാകുന്നത്. അയല്‍ രാജ്യങ്ങള്‍ എല്ലാ വഴികളുമടച്ച് രാജ്യത്തെ പ്രതിരോധത്തിലാക്കിയപ്പോള്‍ ഏറ്റവുമധികം പ്രതിസന്ധിയിലായത് പാല്‍ ഇറക്കുമതി രംഗമാണെങ്കിലും, തുര്‍ക്കിയില്‍ നിന്നുള്ള പാല്‍ വിമാനം കയറി എത്തിയതോടെ ഇതിനും പരിഹാരമായി. എന്നാല്‍ രാജ്യത്തെ ജനങ്ങള്‍ക്കാവശ്യമായ പാലും അനുബന്ധ ഉല്‍പന്നങ്ങളും ഖത്തറില്‍ തന്നെ ഉത്പാദിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് വ്യവസായ പ്രമുഖനും പവര്‍ ഇന്റര്‍നാഷണല്‍ ഹോള്‍ഡിങ് കമ്പനി ചെയര്‍മാനുമായ മൗതസ് അല്‍ ഖയാത്ത് ഒറ്റയടിക്ക് നാലായിരം പശുക്കളെ യുദ്ധകാലാടിസ്ഥാനത്തില്‍ രാജ്യത്തേക്ക് കൊണ്ടുവന്നത്.
ആസ്‌ത്രേലിയയില്‍ നിന്നും അമേരിക്കയില്‍ നിന്നും ഖത്തര്‍ എയര്‍വേയ്‌സിന്റെ അറുപതോളം വിമാനങ്ങളില്‍ യാത്രചെയ്‌തെത്തിയ നല്ല ക്ഷീരബലമുള്ള നാലായിരം പശുക്കള്‍ക്ക് ജനങ്ങള്‍ ആവേശകരമായ സ്വീകരണമാണ് നല്‍കിയത്. വിമാനത്താവളത്തില്‍ നിന്ന് ലക്ഷ്യസ്ഥാനം വരെ ഖത്തര്‍ ദേശീയ പതാക വഹിച്ച നിരവധി വാഹനങ്ങളുടെ അകമ്പടി. ഒരു ദേശത്തിന്റെ ക്ഷാമം തീര്‍ക്കാന്‍ വിദേശത്തു നിന്നും വിമാനം കയറിയെത്തിയ പശുക്കളും പശുക്കളുടെ വിമാനയാത്രയും അങ്ങനെ ഉപരോധ കാലയളവില്‍ രാജ്യസ്നേഹത്തിന്റെ പ്രതീകമായി മാറുകയാണ്. വിമാനം കയറിവന്ന കാമധേനുക്കള്‍ സാമൂഹ്യ മാധ്യമങ്ങളിലും തരംഗമായി. സൗദിയില്‍ നിന്നും പാല്‍ വന്നില്ലെങ്കിലും തങ്ങള്‍ക്കാവശ്യമുള്ള പാല്‍ ഇവിടെ തന്നെ ഉത്പാദിപ്പിക്കുമെന്ന് പറയുന്ന മൗതസ് അല്‍ ഖയാതാവട്ടെ രാജ്യത്തിനു വേണ്ടി എന്തെങ്കിലുമൊക്കെ ചെയാന്‍ കിട്ടിയ അവസരമാണിതെന്നും വ്യക്തമാക്കുന്നു.
