കാസര്‍കോട് സ്വര്‍ണ്ണ വ്യാപാരിയെ കൊന്ന് കിണറ്റില്‍ തള്ളിയ കേസില്‍ മുഖ്യപ്രതികളില്‍ ഒരാള്‍ പൊലീസിന്‍റെ പിടിയിലായി.കര്‍ണാടക ബണ്ട്വാള്‍ കുറുവാപ്പ സ്വദേശി അബ്ദുല്‍ സലാമിനെയാണ് പോലീസ് സംഘം അറസ്റ്റുചെയ്തത്.
ഉപ്പള ടൗണില്‍ വെച്ചാണ് അബ്‍ദുള്‍ സലാമിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.മന്‍സൂര്‍ അലിയെ തലക്ക് അടിച്ച് കൊലപെടുത്തിയ രണ്ടംഗ സംഘത്തിലെ പ്രധാനിയാണ് അബ്ദുള്‍ സലാമെന്ന് പൊലീസ് പറഞ്ഞു. സ്വര്‍ണ്ണക്കച്ചവടത്തിനെന്ന് പറഞ്ഞാണ് മന്‍സൂര്‍ അലിയെ ബായാറിലേക്ക് വിളിച്ചുവരുത്തിയത്. പിന്നീട് മന്‍സൂറ്‍ അലി കൊണ്ടുവന്ന അഞ്ച് ലക്ഷത്തോളം വരുന്ന പണം തട്ടിപ്പറിക്കാന്‍ ശ്രമിച്ചെന്നും എതിര്‍ത്ത മന്‍സൂര്‍ അലിയെ കാറില്‍വച്ച് തലക്ക് അടിച്ച് കൊന്നെന്നുമാണ് പ്രതി അബ്‍ദുള്‍ സലാം പൊലീസിനോട് പറഞ്ഞത്.മൃതദേഹം കര്‍ണ്ണാടകയിലേക്ക് കൊണ്ടുപോയി കുഴിച്ചിടാനാണ് ആദ്യം തീരുമാനിച്ചതെങ്കിലും പിന്നീട് പൊട്ടകിണറ്റിലിടുകയായിരുന്നു. തമിഴ്‌നാട് സ്വദേശിയും ബായാര്‍ പദവില്‍ താമസക്കാരനുമായ അഷ്‌റഫ് അടക്കമുള്ള കൂട്ടുപ്രതികളെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
കൊലപാതകത്തിന് രണ്ട് ദിവസം മുമ്പ് അഷ്‌റഫും സലാമുംചേര്‍ന്ന് മന്‍സൂര്‍ അലിക്ക് പഴയ സ്വര്‍ണം വില്‍പന നടത്തിയിരുന്നു. ഈസമയത്താണ് മന്‍സൂര്‍ അലിയുടെ കൈവശം സ്വര്‍ണ്ണക്കച്ചവടത്തിനുള്ള അഞ്ചര ലക്ഷത്തോളം രൂപയുണ്ടെന്ന് പ്രതികള്‍ മനസ്സിലാക്കിയത്.
