ചന്ദനമോഷ്‌ടാക്കള്‍ക്ക് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നീക്കങ്ങള്‍ ചോര്‍ത്തി നല്‍കിയ താല്‍ക്കാലിക വാച്ചറെ അറസ്റ്റ് ചെയ്തു. ഇടുക്കി കാന്തല്ലൂര്‍ റേഞ്ച് ഓഫീസിലെ വാച്ചര്‍ ഗുരുനാഥനാണ് അറസ്റ്റിലായത്. വെറും 1200 രൂപ നല്‍കിയാണ് ചന്ദനമോഷ്‌ടാക്കള്‍ ഗുരുനാഥനില്‍നിന്ന് രഹസ്യങ്ങള്‍ ചോര്‍ത്തിയിരുന്നത്.

കാന്തല്ലൂര്‍ ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ ആര്‍. അജിത്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വനംവകുപ്പിലെ താല്‍ക്കാലിക വാച്ചറായ ഗുരുനാഥനെ അറസ്റ്റ് ചെയ്തത്. ചന്ദനമോഷ്‌ടാക്കളില്‍നിന്ന് പണം വാങ്ങി ഉദ്യോഗസ്ഥരുടെ നീക്കങ്ങള്‍ ചോര്‍ത്തി നല്‍കിയതായി ഇയാള്‍ സമ്മതിച്ചിട്ടുണ്ട്. ചന്ദനമോഷ്‌ടാക്കളില്‍ പ്രധാനിയായ കാന്തല്ലൂര്‍ മുടിവയല്‍ സ്വദേശി ശങ്കിലിപാണ്ടിയെ കഴിഞ്ഞ തിങ്കളാഴ്ചയും പിന്നാലെ ഇയാളുടെ സഹായി കണ്ണപ്പനെയും പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തതോടെയാണ് ചന്ദന മോഷണത്തില്‍ ഗുരുനാഥന്റെ പങ്ക് വ്യക്തമായത്. കാന്തല്ലൂര്‍ റേഞ്ചിലെ ഉദ്യോഗസ്ഥരെ സംബന്ധിച്ച വിവരങ്ങളെല്ലാം ഇയാള്‍ കൃത്യമായി കൈമാറുമായിരുന്നു.
വെറും 1200 രൂപയ്‍ക്കായിരുന്നു ചന്ദന മോഷ്‌ടാക്കള്‍ ഗുരുനാഥനെ വിലക്കെടുത്തിരുന്നത്. 3 മാസം മുമ്പാണ് ഇയാള്‍ വാച്ചറുടെ താല്‍ക്കാലിക ജോലിയില്‍ പ്രവേശിച്ചത്.